1. ഓണത്തിന് പുറമേ ഈ വർഷം മുതൽ ക്രിസ്മസ്, റംസാൻ ആഘോഷങ്ങൾക്കും സ്പെഷ്യൽ കിറ്റ് ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. സപ്ലൈകോ വഴി 1,000 രൂപയുടെ സ്പെഷ്യൽ ഭക്ഷ്യക്കിറ്റുകൾ വിൽപന നടത്താനാണ് തീരുമാനം. കിറ്റിലുള്ള ഇനങ്ങൾ കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടത്തിന് സാധനങ്ങൾ തെരഞ്ഞെടുക്കാം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥർ നേരിട്ടെത്തി ആവശ്യസാധനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ടാർഗറ്റിൽ കൂടുതൽ വിൽപന നടത്തുന്ന സൂപ്പർമാർക്കറ്റുകളിലെ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. പത്തിൽ കൂടുതൽ കിറ്റ് ഓർഡർ ചെയ്യുന്നവർക്ക് വീട്ടിലെത്തിക്കാനും സൗകര്യമുണ്ട്. ഓരോ 50 കിറ്റുകൾക്കും നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍
2. വികസനവും ക്ഷേമവും സംയോജിപ്പിച്ച് നവകേരളം പടുത്തുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് മുമ്പ് തന്നെ കിറ്റുകള്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും ഗുണനിലവാരവും തൂക്കവും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 119 ആദിവാസി ഊരുകളിൽ പൊതുവിതരണ ഉദ്യോഗസ്ഥര്‍ മുഖേനയാണ് കിറ്റുകള്‍ എത്തിക്കുന്നത്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ കിറ്റുകള്‍ ലഭ്യമാക്കുമെന്നും വാതില്‍പടി സേവനത്തിലൂടെ ഭക്ഷ്യ കിറ്റുകള്‍ അര്‍ഹരായുള്ളവര്‍ക്ക് നേരിട്ട് എത്തിക്കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3. പച്ചക്കറി കൃഷിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് നേടി കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റൽ. തിരുവനന്തപുരത്ത് നടന്ന കൃഷി ദർശൻ പരിപാടിയിൽ വച്ച് കൃഷിമന്ത്രി പി. പ്രസാദിൽ നിന്ന് ഹോസ്റ്റൽ ഡയറക്ടർ ഫാ. സംഗീത് ജോസഫും കുട്ടികളും പുരസ്കാരവും ക്യാഷ് അവാർഡും സ്വീകരിച്ചു. 25 ഏക്കറിൽ പൊക്കാളി നെൽ കൃഷി, കരനെൽ കൃഷി, പുഷ്പ കൃഷി, മത്സ്യകൃഷി, കോഴി വളർത്തൽ, പച്ചക്കറി കൃഷി എന്നിവയ്ക്ക് പുറമെ ബോയ്സ് ഹോസ്റ്റൽ അങ്കണത്തിൽ പശുക്കൾ, ആട്, പന്നി, മുയൽ, പോത്ത് എന്നിവയും വളർത്തുന്നു. കുട്ടികളുടെ സഹകരണത്തോടെ അമ്പതോളം വീടുകളിൽ എല്ലാ ദിവസവും പാലും മുട്ടയും വിൽപന നടത്തുന്നതോടൊപ്പം കാർഷിക ഉൽപ്പന്നങ്ങൾ കാഷ്യറില്ലാ കടയിലൂടെ ലഭ്യമാക്കുകയും ചെയ്യുന്നു.
4. ബൾബ് നിർമ്മാണ യൂണിറ്റിന് തുടക്കമിട്ട് ചേലക്കര എട്ടാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ. കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുമിനോ എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. 500 ബൾബുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായി. ഇതിനുപുറമെ പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകളുടെ വിതരണവും, അറ്റക്കുറ്റപ്പണികൾ ചെയ്ത് കൊടുക്കാനും സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. സുജിത സി.എസ്, ശ്രീരശ്മി ടി.എസ്, ജിജി മോൾ, ധന്യ ടി, സുചിത്ര കെ.പി എന്നിവരുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചത്.
5. തിരുവനന്തപുരത്തെ വഴിയോരക്കാർക്ക് ആശ്വാസമായി സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റ്. 2.78 കോടി രൂപ ചിലവിട്ട് നിർമ്മിച്ച സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. 15 വർഷമായി സൂര്യകാന്തി റോഡിൽ കച്ചവടം നടത്തിയിരുന്ന 44 വഴിയോരക്കച്ചവടക്കാരെ സ്മാർട്ട് വെൻഡിംഗ് സ്ട്രീറ്റിലേക്ക് മാറ്റും. കാൽനടപ്പാത, പ്രീ ഫാബ്രിക്കേറ്റഡ് കടകൾ, ഇരിപ്പിടം, കുടിവെള്ള കിയോസ്ക്, കോമൺ വാഷ് ഏരിയ, എൽഇഡി ഡിസ്പ്ലേ, ഇ ഓട്ടോ ചാർജിംഗ്, ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും സ്ട്രീറ്റിൽ ലഭ്യമാണ്.
6. സർക്കാർ ആശുപത്രികളിലെ മരുന്നിന്റെ ലഭ്യത ഉറപ്പാക്കാൻ ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും മോണിറ്ററിംഗ് സംവിധാനമുണ്ടാകുമെന്നും മരുന്നിന്റെ ആവശ്യകതയും വർധനവും കണക്കാക്കി ഇൻഡക്സ് തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചു. മരുന്ന് ലഭ്യത ഉറപ്പാക്കാൻ കെ.എം.എസ്.സി.എല്ലിന്റെ ഓൺലൈൻ സംവിധാനം ജീവനക്കാർ ഉപയോഗപ്പെടുത്തണമെന്നും എല്ലാ ആശുപത്രികളും കൃത്യമായി അതത് ദിവസം തന്നെ മരുന്നുകളുടെ വിതരണം സംബന്ധിച്ച് ഡേറ്റ അപ്ഡേറ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
7. ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പത്തനംതിട്ടയിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍. വ്യത്യസ്തവും നവീനവുമായ വസ്ത്രങ്ങളും ഖാദി സിൽക്ക് തുണിത്തരങ്ങളും ജനങ്ങൾക്കായി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് സെപ്റ്റംബര്‍ ഏഴ് വരെയുള്ള ഓണം ഖാദി മേളയിൽ 30 ശതമാനം കിഴിവ് ലഭിക്കും. ഇലന്തൂര്‍, റാന്നി, അടൂര്‍, പത്തനംതിട്ട ടൗണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍ നിന്നും തികച്ചും പരിശുദ്ധമായ ഖാദി ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
8. കൃഷിക്കൊപ്പം കളമശ്ശേരിയ്ക്ക് പിന്തുണയുമായി കൃഷി ഗ്രൂപ്പുകൾ. വ്യവസായ മന്ത്രി പി രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. പദ്ധതിയുടെ ഭാഗമായി കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച കൃഷി ഗ്രൂപ്പുകളുടെ തിരഞ്ഞെടുത്ത പ്രതിനിധികൾ യോഗം ചേർന്നു. കോങ്ങോർപ്പിള്ളി സഹകരണ ബാങ്കിൽ വച്ചാണ് യോഗം ചേർന്നത്. ഇതിനുമുമ്പ് കളമശേരി സർവീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചി സർവ്വകലാശാലയിലെ 3 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു.
9. ഉണക്ക റബ്ബറില്‍നിന്നുള്ള ഉൽപന്ന നിര്‍മ്മാണത്തില്‍ അഞ്ച് ദിവസത്തെ പരിശീലനം. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം, റബ്ബര്‍കോമ്പൗണ്ടിങ്, പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍, എം.എസ്.എം.ഇ തുടങ്ങിയവ പരിശീലനത്തിൽ ഉണ്ടാകും. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് പരിശീലനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന നമ്പരിലോ 0481 2353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.
10. പ്രാദേശിക ഉൽപന്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പ്രത്യേക ക്യാമ്പയിനുമായി സൗദി അറേബ്യ. 'ഇറ്റ്‌സ് ടൈം' എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ സൗദിയിലെ കർഷകർ, വ്യാപാരികൾ, കാർഷിക സ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കിയാണ് സംഘടിപ്പിക്കുന്നത്. പ്രാദേശിക കാർഷിക ഉൽപാദനം വർധിപ്പിക്കുക, കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുക, യുവതീ-യുവാക്കളിൽ കാർഷിക ഉൽപന്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, പ്രാദേശിക കർഷരെ സഹായിക്കുക, അവരുടെ സാമ്പത്തിക ലാഭം വർധിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.
11. സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ നാളെ മുതൽ ഈ മാസം 26 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.