1. കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടകീഴിൽ ലഭ്യമാക്കാൻ കൃഷിവകുപ്പിന്റെ കതിർ ആപ്പ് ഒരുങ്ങുന്നു. വെബ് പോർട്ടലായും, മൊബൈൽ ആപ്ലിക്കേഷനായും സംസ്ഥാന കൃഷി വകുപ്പു തയാറാക്കിയ ‘കതിർ ആപ്’ (KATHIR) കർഷകദിനമായ ചിങ്ങം ഒന്നിന്, നിലവിൽ വരും. കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് ‘കതിർ’ (KATHIR). കാലാവസ്ഥാ വിവരങ്ങൾ, കാർഷിക പദ്ധതി വിവരങ്ങൾ, മണ്ണു പരിശോധനാസംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം തുടങ്ങിയവയായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. കർഷകർക്ക് വകുപ്പുതല സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നതിനായി നിലവിലുള്ള എയിംസ്–AIMS പോർട്ടലിന്റെ സേവനങ്ങൾ ഭാവിയിൽ കതിർ പോർട്ടലുമായി ലയിപ്പിക്കാനും സാധ്യതയുണ്ട്.
2. വയനാട് ജില്ലയിലെ കാവുകളുടെ വനവിസ്തൃതി, ജൈവ വൈവിധ്യം എന്നിവ സംരക്ഷിച്ച് പരിപാലിക്കുന്നതിനുള്ള കര്‍മ്മപദ്ധതിക്ക് ധനസഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ അടങ്ങിയ അപേക്ഷ ഓഗസ്റ്റ് 31 നകം കല്‍പ്പറ്റയിലുള്ള സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം ലഭിക്കുന്നതിന് www.keralaforest.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 04936 202623 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 km വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഞായറാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇടിമിന്നൽ ജാഗ്രതാനിർദേശങ്ങളും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.