സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി. പുതുക്കിയ ശമ്പളത്തിന് 2018 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2013 ലാണ് സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിൽ അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്.
അഞ്ചു വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്‌കരണം നടപ്പിലാക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി പൂർത്തിയായ മുറയ്ക്ക് മുൻകാല പ്രാബല്യം നൽകിയത്. ശമ്പള പരിഷ്‌കരണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ വിശദമായ പരിശോധന നടത്തുകയും രജിസട്രാറുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ചത്.
വിവിധ അലവൻസുകളിൽ വർദ്ധന വരുത്തിയുിട്ടുണ്ട്. ഇൻക്രിമെന്റുകൾ നേരത്തയുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി കാലതാമസമില്ലാതെ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2018 ജൂലൈയ്ക്ക് ശേഷം സർവീസിൽ പ്രവേശിച്ചവർക്കും പുതുക്കിയ സ്‌കെയിലിലായിരിക്കും ശമ്പളം ലഭിക്കുക.
6200 രൂപയിൽ തുടങ്ങി 86,455 ൽ അവസാനിച്ചിരുന്ന മാസ്റ്റർ സ്‌കെയിൽ പരിഷ്‌കരണത്തിന് ശേഷം 9300 രൂപയിൽ തുടങ്ങി 1,07,950 രൂപയിലായിരിക്കും അവസാനിക്കുക. വിവിധ അലവൻസുകളിൽ 25 രൂപയുടെ വർദ്ധന വരുത്തിയിട്ടുണ്ട്. പരമാവധി സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ് അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ട്. നാല് എണ്ണം വാർഷിക അടിസ്ഥാനത്തിലും അഞ്ചാമത്തേത് രണ്ടു വർഷം കഴിഞ്ഞുമാണ് അനുവദിക്കേണ്ടത്. സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ് അനുവദിച്ച ശേഷമുള്ള അടിസ്ഥാന ശമ്പളം ആ തസ്തികയിലെ മാസ്റ്റർ സ്‌കെയിലിനേക്കാൾ കൂടുതലാകാൻ പാടില്ല.
2018 ജൂലൈ ഒന്നിലെ ശമ്പളത്തോടൊപ്പം 54 ശതമാനം ക്ഷാമബത്ത ലയിപ്പിക്കും. തുടർന്നുള്ള വർഷങ്ങളിലെ ക്ഷാമബത്ത വർദ്ധിപ്പിച്ചു നൽകി. 2018 ജൂലൈ ഒന്നിനുള്ള ക്ഷാമബത്ത 52 ശതമാനവും 2019 ജനുവരി ഒന്നിന് 57 ശതമാനവും ജൂലൈയിൽ 63 ശതമാനവും 2020 ജനുവരിയിൽ 70 ശതമാനവും ജൂലൈയിൽേ 76 ശതമാനവുമായിരിക്കും. വീട്ടുവാടക അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമോ പരമാവധി 5000 രൂപയോ ആയിരിക്കും. സർക്കാർ ഉദ്യോഗസ്ഥരുടേതിന് സമാനമായിരിക്കും സിറ്റി കോമ്പൻസേറ്ററി അലവൻസ്. മെഡിക്കൽ അലവൻസിനു പകരം മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കും. ഇൻഷുറൻസ് നടപടികൾ പൂർത്തീകരിക്കുന്നത് വരെ പ്രതിവർഷം 3000 രൂപ മെഡിക്കൽ അലവൻസായി ലഭിക്കും.
സ്ഥിരം യാത്രാ ബത്ത താലൂക്കിൽ 2000 രൂപയും കൂടുതൽ താലൂക്കുകൾ പ്രവർത്തന മേഖലയായിട്ടുള്ളവർക്ക് 2250 രൂപയും ആയിരിക്കും. എട്ട് കിലോ മീറ്ററിൽ അധികമായി യാത്ര ചെയ്യേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം 15 ആയി നിജപ്പെടുത്തി.
കണ്ണട അലവൻസ് 1750 രൂപയാക്കി. സബ് സ്റ്റാഫിന് എട്ട് മുതൽ 28 വർഷം വരെയുള്ള സർവീസിന് നാല് ഹയർ ഗ്രേഡുകളും ഇതര ജീവനക്കാർക്ക് എട്ട് മുതൽ 16 വർഷത്തിനിടയിൽ രണ്ട് ഹയർ ഗ്രേഡും സമയ ബന്ധിതമായി നൽകും. ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണത്തിൽ ഓപ്ഷൻ അനുവദിച്ചിട്ടില്ല. പ്രാബല്യ തീയതി മുതൽ ശമ്പള നിർണയം നടപ്പിലാക്കും.