1. റേഷൻ കാർഡ് മസ്റ്ററിങ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്. സർവർ പ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രമേ മസ്റ്ററിങ് നടത്താനാകൂ എന്ന് സംസ്ഥാനം കേന്ദ്രത്തിനെ അറിയിച്ചു. റേഷൻ കാർഡ് മസ്റ്ററിങ് ഈ മാസം 31 നകം പൂർത്തിയാക്കണം എന്നായിരുന്നു കേന്ദ്ര നിർദേശം. ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഹൈദരാബാദ് എൻ.ഐ.സി സർവർ പ്രശ്നം പൂർണായി പരിഹരിക്കുന്നത് വരെ കാത്തിരിക്കണമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
2. മാർച്ച് 31 വരെ ആനന്ദ് മാതൃകാ സംഘങ്ങൾ വഴി നൽകുന്ന പാലിന് ലിറ്ററിന് 1.50 രൂപ അധിക വില ലഭിക്കും. മലബാർ മേഖലാ യൂണിയൻ ഭരണ സമിതിയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. 2023-24 സാമ്പത്തിക വർഷം അധിക പാൽ വില, കാലിത്തീറ്റ സബ്സിഡി എന്നിങ്ങനെ കർഷകർക്ക് മലബാർ മിൽമ 52 കോടിയോളം രൂപ നൽകിയിട്ടുണ്ട്.
3. സവാളയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനും വേണ്ടി സവാളയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം മാർച്ച് 31 വരെ തുടരും. 2023 ഡിസംബർ 8നാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവയാണ് ഇന്ത്യയിൽ പ്രധാനമായും ഉള്ളി ഉത്പാദിപ്പിക്കുന്നത്.
4. കൊല്ലം കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഡിപ്പോയില്‍ നിന്നും മാര്‍ച്ച് 23 രാത്രി 8 മണിക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലക്കപ്പാറ മലയോരഗ്രാമത്തിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. 24 രാത്രിയില്‍ തിരികെ എത്തും. അതിരപ്പള്ളി - വാഴച്ചാല്‍ - ചാര്‍പ്പ വെള്ളച്ചാട്ടം, പെന്‍സ്റ്റോക്ക് പാലം, ലോവര്‍ - അപ്പര്‍ ഷോളയാര്‍ ഡാമുകള്‍ എന്നിവയും കാണാനാണ് അവസരം. 1100 രൂപയാണ് യാത്രാനിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 8921950903, 9747969768 ബന്ധപ്പെടുക.