ആലപ്പുഴ :പച്ചക്കറി കൃഷിക്ക് ലഭിച്ച സംസ്ഥാന തല പുരസ്‌കാര നിറവിൽ കഞ്ഞിക്കുഴിയിലെ കെ കെ കുമാരൻ പാലിയേറ്റിവ് സൊസൈറ്റി . കൃഷിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പുരസ്കാരമാണ് ഇത്തവണ കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ക്ക് ലഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ ഭൂമി പാട്ടത്തിനെടുത്താണ് സൊസൈറ്റി സംയോജിത കൃഷി ചെയ്തത്.
മീനും നെല്ലും പച്ചക്കറികളും പൂക്കളുമെല്ലാം നല്ല രീതിയിൽ വിളവെടുക്കാൻ സാധിച്ചു. ഫാ൦ ടൂറിസമെന്ന നിലയിൽ ജനങ്ങളെ ആകർഷിക്കുവാനും അതുവഴി കാര്ഷികവൃത്തിയിലേക്ക് പുതുതലമുറയെ ആകർഷിക്കുവാനും ഈ സംരഭം കൊണ്ട് സാധിച്ചിട്ടുണ്ട്.
ഡോ . തോമസ് ഐസക് , ഇ പി ജയരാജൻ, അഡ്വ. എ എം ആരിഫ് , ആർ നാസർ, ജി വേണുഗോപാൽ എന്നിവർ ചേർന്നാണ് 5 ഏക്കർ സ്ഥലത്താരംഭിച്ച കൃഷിക്ക് തുടക്കം കുറിച്ചത്.
ഇതിനിടയിലുണ്ടായ കനത്ത കാലവർഷത്തെ അതിജീവിച്ചു മികച്ച വിളവാണ് ഇവിടെ നിന്നും ലഭിച്ചത്. പേർ, പടവലം, പയർ പീച്ചിൽ, പച്ചമുളക് , മത്തൻ ,ഇളവൻ, വെള്ളരി, വെണ്ട, വഴുതന, സാലഡ് വെളളരി, തണ്ണിമത്തൻ, തക്കാളി, തുടങ്ങി 12 ഇനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഇതിനോട് ചേർന്ന് നടത്തിയിരുന്ന പൂ കൃഷി നേരത്തെ വിളവെടുത്തിരുന്നു. വലിയ ഡിമാൻഡാണ് ഇവിടുത്തെ പൂക്കൾക്ക് ലഭിച്ചത്. എന്നാൽ കോവിഡിന്റെ അടച്ചുപൂട്ടൽ ഇല്ലായിരുന്നെങ്കിൽ കുറച്ചധികം ലാഭം പൂകൃഷിയിൽ നിന്നും ലഭിച്ചേനെ എന്ന് കൃഷിയുടെ മേൽനോട്ടം നടത്തിയ കാർഷെക് അവാർഡ് ജേതാവ് ശുഭകേശൻ പറഞ്ഞു.
ആകർഷകമായി രൂപകല്പന ചെയ്തിരിക്കുന്ന തോട്ടത്തിൽ നെൽപ്പാടവും അതിനു കുറുകെ പാലങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കാർഷിക വൃത്തി ആസ്വദിക്കാനെത്തുന്ന സന്ദർശകർക്കായി മുളയിൽ തീർത്ത ഇരിപ്പിടവും പ്രത്യേക സെൽഫി പോയന്റും സ്ഥാപിച്ചിട്ടുണ്ടെന്നു സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ പറഞ്ഞു.
വിളവെടുക്കുന്ന പച്ചക്കറികൾ തോട്ടത്തിൽ വച്ച് തന്നെ വില്പന നടത്തുന്നു. സംസ്ഥാന കൃഷി വകുപ്പും പച്ചക്കറികൾ ഇവിടെ നിന്നും വാങ്ങുന്നുണ്ട്.എസ് രാധാകൃഷ്ണൻ ചെയർമാനും പി ജെ കുഞ്ഞപ്പൻ സെക്രട്ടറിയും അഡ്വ . എം സന്തോഷ്‌കുമാർ ട്രഷററുമായുള്ള പാലിയേറ്റിവ് കെയർ സൊസൈറ്റി, അടുത്ത ഘട്ടമെന്ന നിലയിൽ വിപുലമായ സംയോജിത പച്ചക്കറി കൃഷിയാണ് ആലോചിക്കുന്നത്. നാടൻ മൽസ്യങ്ങളുടെ സംരക്ഷണം ലക്‌ഷ്യം വച്ച് വിപുലമായ മൽസ്യ കൃഷിയും കോഴി, താറാവ്, പോത്ത് , ആട് എന്നിവ വളർത്തുന്ന പദ്ധതിയും പണിപ്പുരയിലാണ്.
അടച്ചുപൂട്ടലിൽ കാർഷിക മേഖലയിൽ നിരവധി ഇടപെടലുകൾ സൊസൈറ്റി നടത്തിയിരുന്നു. വ്യത്യസ്തമായ വിളകളെ സംബന്ധിച്ചു നടത്തിയ ചാനൽ പരിപാടിയായ കൃഷി @ ലൈവ് എന്ന പരിപാടിക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.
പുതുതായി കാർഷിക മേഖലയിലേക്ക് കടന്നു വന്ന കർഷകരെ പ്രോത്സാഹിപ്പിക്കുവാനും പദ്ധതി ഉണ്ടായിരുന്നു. നാല് പഞ്ചായത്തുകളിലായി 25 ഏക്കറിൽ വിവിധ ഇനം പച്ചക്കറികൾ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പാലിയേറ്റീവിന്റെ തോട്ടത്തിൽ പൂക്കാലം വരവായ്