എറണാകുളം: തരിശായി കിടക്കുന്ന പൊതുജലാശയങ്ങൾ മത്സ്യ കൃഷിക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച (ഫെബ്രുവരി 9) നടന്നു. രാവിലെ 10ന് കാലടി ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം തുറയിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ റോജി എം ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.
തോടുകൾ, കനാലുകൾ, കൈവഴികൾ, അരുവികൾ തുടങ്ങിയ തരിശായി കിടക്കുന്ന എല്ലാ പൊതുജലാശയങ്ങളും മത്സ്യകൃഷിക്കായി ഉപയോഗപ്പെടുത്തി മത്സ്യോൽപ്പാദനം വർദ്ധിപ്പിച്ച് മത്സ്യകർഷകർക്കും തൊഴിലാളികൾക്കും സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായ് കാലടി ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം തുറയിലെ 1.24 ഹെക്ടർ പ്രദേശത്താണ് പദ്ധതിക്ക് തുടക്കമാകുന്നത്.
ജലാശയങ്ങളിൽ വല വളപ്പുകൾ നിർമ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയിൽ താൽക്കാലിക ചിറകൾ (തടയണകൾ) കെട്ടിയും തദ്ദേശീയ മത്സ്യവിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലന മുറകളിലൂടെ വളർത്തിയെടുക്കുകയാണ് എംബാക്മെൻ്റ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം 492 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ഇതിലൂടെ 50 ഹെക്ടർ ജലാശയത്തിൽ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യാതിഥിയായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഫിഷറീസ് വകുപ്പ് ഡയറക്ടർ ബി. അബ്ദുൾ നാസർ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി വർഗീസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദേവസ്സികുട്ടി, വാർഡ് അംഗം ഷിജി സെബാസ്റ്റ്യൻ, മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർ എറണാകുളം എസ്. മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.