എറണാകുളം: തനത് വിഭവങ്ങള്‍ക്കൊപ്പം ഭക്ഷ്യ വൈവിധ്യങ്ങളുടെ മേളയൊരുക്കി കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്ററന്റുകൾ ജനങ്ങളിലേക്ക്.. കേരളത്തിലെ ആദ്യത്തെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്ററന്റിന് അങ്കമാലിയില്‍ തുടക്കം. ജനപ്രിയ കുടുംബശ്രീ വിഭവമായ വന സുന്ദരി, ഗന്ധക ചിക്കന്‍ എന്നിവയോടൊപ്പം അങ്കമാലിയുടെ പ്രാദേശിക വിഭവങ്ങളായ മാങ്ങാക്കറി, ബീഫും കൂര്‍ക്കയും, പോര്‍ക്കും കൂര്‍ക്കയും തുടങ്ങി ഭക്ഷണത്തിന്റെ കലവറ തന്നെ നമുക്കിവിടെ ആസ്വദിക്കാം. പുത്തൻ വിഭവമായ കൊച്ചി മല്‍ഹാര്‍ (കാരച്ചെമ്മീന്‍ (ടൈഗര്‍ പ്രോണ്‍) കൊണ്ടുണ്ടാക്കിയ വിഭവം), ഗന്ധക ചിക്കന്‍, ഫിഷ് തവ ഫ്രൈ, ചിക്കന്‍ വറുത്തരച്ചത് തുടങ്ങിയ വിഭവങ്ങൾ ഉദ്ഘാടന ദിവസം ഒരുക്കിയിരുന്നു. അടിമുടി പുതുമകളോടെ, ശീതികരിച്ച മനോഹരമായ ഇന്റീരിയർ ഡിസൈനാണ് റെസ്റ്ററന്റിന്റെ മറ്റൊരു ആകർഷണം.
കൂടുതൽ വാർത്തകൾ: വിഷരഹിത പച്ചക്കറികള്‍ ഉപഭോക്താക്കളിലേക്ക്; കുടുംബശ്രീ അഗ്രികിയോസ്‌കുകൾ വരുന്നു
കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്ററന്റ് ജനങ്ങളിലേക്ക്..
അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിമുറി, പാര്‍ക്കിംഗ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകൾ ഒരുങ്ങിയിരിക്കുന്നത്. കഫേ കുടുംബശ്രീ പ്രീമിയം ശൃംഖലകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ്. മേയ് പതിനേഴോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ റെസ്റ്ററന്റുകള്‍ ആരംഭിക്കുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ വിശ്വാസ്യതയും കൈപുണ്യവും ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തില്‍ നിന്നാണ് കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്റ് റെസ്റ്ററന്റുകൾ ആരംഭിക്കുന്നത്.
അങ്കമാലിക്ക് ഒപ്പം തന്നെ വയനാട് മേപ്പാടി, ഗുരുവായൂര്‍ എന്നിവിടങ്ങളിലും പ്രീമിയം ബ്രാന്‍ഡ് റെസ്റ്ററന്റുകള്‍ തുടങ്ങും. കുടുംബശ്രീയുടെ കൈപുണ്യം ലോകം ആകെ അംഗീകരിച്ച് കഴിഞ്ഞതാണ്. കേരളീയം പോലുള്ള വൻ മേളകൾ വഴി കുടുംബശ്രീയുടെ കൈപ്പുണ്യം ജനങ്ങൾ മനസിലാക്കി. സംസ്ഥാനത്തിന് പുറത്തും കുടുംബശ്രീ ഭക്ഷ്യമേളകള്‍ നടത്തണമെന്ന ആവശ്യം ഉയരുകയാണ്. ഭാവിയില്‍ ഇതു പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2023 കുടുംബശ്രീയുടെ അഭിമാന വർഷം..
സരസ്സ്, കേരളീയം തുടങ്ങിയ മേളകളിലൂടെ റെക്കോര്‍ഡ് വില്‍പന കൈവരിക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിംഗ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിംഗ് തുടങ്ങി എല്ലാ മേഖലയിലും വലിയ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകള്‍ ആരംഭിക്കുന്നത്. 2023 കുടുംബശ്രീക്ക് അഭിമാന നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. 40 ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് ബാക്ക് ടു സ്‌കൂള്‍ എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ഈ കാലയളവില്‍ 4 ലോക റെക്കോഡുകള്‍ കരസ്ഥമാക്കി.
2024-ലും കുടുംബശ്രീ പിന്നോട്ടില്ല. വര്‍ക്കലയില്‍ നേച്ചര്‍ ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് ആരംഭിച്ചു, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ബ്രാന്റിങ്ങിന് തുടക്കം, കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റിനും തുടക്കം. 25 വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്ത് എത്തിച്ച് സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ കുടുംബശ്രീക്കായി. വാട്ടര്‍ മെട്രോ, മെട്രോ, മാലിന്യ സംസ്‌കരണം അങ്ങനെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.
കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തിയാണ് കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്ററന്റ് ജനങ്ങളിലേക്ക് എത്തുന്നത്. അങ്കമാലിയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യ പ്രീമിയം കുടുംബശ്രീ റസ്റ്ററന്റില്‍ അങ്കമാലിയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം കുടുംബശ്രീയുടെ മേളകളിലൂടെ ജനപ്രിയമായ വിഭവങ്ങളും ലഭ്യമാകും. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് റെസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. സംരംഭകയായ അജിത ഷിജോയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. 20ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്.