കാന്തല്ലൂരിൽ സ്‌ട്രോബറി കൃഷി വ്യാപകമാകുന്നു. കാലാവസ്ഥാ വ്യതിയാനം കര്‍ഷകര്‍ക്ക് വെല്ലുവിളി യാണെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കര്‍ഷകര്‍ സ്‌ട്രോബറി കൃഷി ചെയ്തിരിക്കുന്നത്. കൃഷിഭവനില്‍നിന്ന് 62,000 തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.തൈ നട്ട് ഒന്നാം മാസംമുതല്‍ ആറുമാസംവരെ വിളവെടുക്കാന്‍ കഴിയും. അഞ്ചുമാസംകൊണ്ട് ഒരു ചെടിയില്‍നിന്ന് രണ്ടുകിലോ സ്‌ട്രോബറിപഴങ്ങള്‍വരെ ലഭിക്കും. സ്വീറ്റ് സ്‌ട്രോബറി സ്വീറ്റ് ചാര്‍ലി വിഭാഗത്തില്‍പ്പെടുന്ന ഇനമാണ് കാന്തല്ലൂരിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം.
ഗുണമേന്മയേറിയ സ്വീറ്റ് ചാര്‍ലി വിഭാഗത്തിലുള്ള നാടന്‍ തൈകള്‍ വിതരണം നടത്തിയാല്‍ കൂടുതല്‍ തൈകള്‍ ഇതില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു. പെരുമല, കൊളുത്താമല, ഗുഹനാഥപുരം, പുത്തൂര്‍, ആടിവയല്‍ മേഖലകളിലാണ് സ്‌ട്രോബറി കൃഷി വ്യാപകമായി നടക്കുന്നത്. ഒരു കിലോ സ്‌ട്രോബറി പഴത്തിന് കര്‍ഷകന് 200 രൂപവരെ ലഭിക്കുമെങ്കിലും പുറത്ത് 400 രൂപ വിലയ്ക്കാണ് ചെറുകിട വ്യാപാരികള്‍ വില്ക്കുന്നത്.
സ്‌ട്രോബറി വൈനിന് 300 രൂപ വിലയും ലഭിക്കുന്നു. ന്യായവിലയ്ക്ക് വില്ക്കാനുള്ള സ്ഥിര വിപണി ഇതുവരെ കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹോര്‍ട്ടികോര്‍പ്പ് സ്‌ട്രോബറി സംഭരിക്കുന്നുമില്ല. സ്‌ട്രോബറിയുടെ മുഖ്യ ഉപഭോക്താക്കള്‍ ഫാം സന്ദര്‍ശിക്കുന്ന സഞ്ചാരികളാണ് .