1. പ്രധാന മന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ള പാചക വാതക കണക്ഷനുള്ളവർക്ക് സബ്സിഡി ഉയർത്താൻ കേന്ദ്ര മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. നിലവിലുള്ള 200 രൂപയിൽ നിന്ന് 100 ഉയർത്തി 300 ആക്കുന്നതിനാണ് തീരുമാനമായത്. പുതിയ തീരുമാനം പ്രാബല്യത്തിൽ ആകുന്നതോടെ 903 രൂപയുടെ സിലിണ്ടർ 603 രൂപയ്ക്ക് ലഭിക്കും. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 9.6 കോടി ഉപഭോക്താക്കളാണ് ഉജ്വല പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. 7680 കോടി രൂപയാണ് ഇതിനായി വകയിരുത്തേണ്ടത്.
2. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഫാം പ്ലാന്‍ പദ്ധതിക്ക് എലിക്കുളത്ത് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെല്‍വി വിത്സന്‍ നിര്‍വ്വഹിച്ചു. കൃഷിയിടങ്ങളുടെ തരം, വിളകളുടെ വിപണന സാധ്യത, അത് നേരിടുന്ന പ്രശ്‌നങ്ങള്‍, അവയുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ പരിഗണിച്ചുള്ള മാതൃക തോട്ടങ്ങള്‍ക്കുളള കാര്‍ഷികാനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഫാം പ്ലാന്‍ പദ്ധതി. ആദ്യ ഘട്ടമായി പത്ത് കര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാര്‍ഷിക ഉത്പാദന ഉപാധികള്‍, ഫലവൃക്ഷത്തൈകള്‍, പച്ചക്കറിത്തൈകള്‍, ഇതര നടീല്‍ വസ്തുക്കള്‍ എന്നിവയാണ് നല്‍കുന്നത്. പഞ്ചായത്തംഗം സിനി ജോയ് ചടങ്ങില്‍ അധ്യക്ഷയായിരുന്നു.
3. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടപ്പിലാക്കുന്ന ചെറുധാന്യ കൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ പ്രചരണാർത്ഥം കൂനമ്മാവ് St ഫിലോമിനാസ് LP സ്കൂളിൽ മില്ലറ്റ് വാരാഘോഷവും, ജൈവരാജ്യം ചെറുധാന്യ പ്രദർശനമേളയും സംഘടിപ്പിച്ചു. എറണാകുളം ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് SK ഷിനു ചെറുധാന്യ കൃഷിരീതികളെക്കുറിച്ചും , ചെറുധാന്യ ഭക്ഷണങ്ങളുടെ പ്രാധാന്യത്തേക്കുറിച്ചും ക്ലാസെടുത്തു. മേളയിൽ വിവിധയിനം ചെറു ധാന്യവിത്തിനങ്ങൾ , ജൈവരാജ്യം ഓർഗാനിക്ക് ഫാമിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ , ചെറുധാന്യ കാർഷിക വിളകൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു.
4. ഹ്രസ്വകാല, ഫിക്സഡ് ട്രഷറി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ച് സംസ്ഥാന സർക്കാർ. 181 മുതൽ 365 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തിൽ നിന്ന് 6 ശതമാനമായി വർധിപ്പിച്ചു. 366 ദിവസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.40 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്.