1. അന്ത്യോദയ അന്ന യോജന പദ്ധതി ഉപഭോക്താക്കൾക്കുള്ള പഞ്ചസാര സബ്സിഡി 2 വർഷത്തേക്ക് കൂടി നീട്ടി. 2026 മാർച്ച് 31 വരെ സബ്സിഡി നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഏകദേശം 1.89 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 1 കിലോ പഞ്ചസാരയ്ക്ക് 18.50 രൂപയാണ് സബ്സിഡി നൽകുക. പദ്ധതിയ്ക്കായി 1850 കോടി രൂപയിലധികം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വാർത്തകൾ: Union Budget 2024 ; കാത്തിരിപ്പ് നീളും; പിഎം കിസാൻ തുക വർധിപ്പിച്ചില്ല, നേട്ടങ്ങൾ നിരത്തി ബജറ്റ്
2. പാലക്കാട് വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പോട്ടിങ് മിശ്രിതം നിറച്ച ചട്ടികള്‍ വിതരണം ചെയ്തു. 'മട്ടുപ്പാവ് പച്ചക്കറി' പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ നിര്‍വഹിച്ചു. ഓരോ വാര്‍ഡിലെയും 10 പേര്‍ വീതം പഞ്ചായത്തിലെ 150 പേര്‍ക്കാണ് ചട്ടികള്‍ വിതരണം ചെയ്തത്. 5000 രൂപ വില വരുന്ന പോട്ടിങ് മിശ്രിതം നിറച്ച 25 എച്ച്.ഡി.പി.ഇ ചട്ടികള്‍, പച്ചക്കറി തൈകള്‍, വളം ഉള്‍പ്പടെ 75 ശതമാനം സബ്‌സിഡിയിലാണ് വിതരണം നടത്തിയത്. ഒരാള്‍ക്ക് 25 ചട്ടികളും വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, പയര്‍ തുടങ്ങിയവയുടെ തൈകളും അഞ്ച് കിലോ വളവുമാണ് നല്‍കിയത്. ഗ്രാമസഭകൾ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
3. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലും തെലുങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയും ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്ച നടത്തി. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്ന വിഷയത്തിൽ ഇരുവരും ചർച്ച നടത്തി. കേരളത്തിന് ആവശ്യമായ ഇനം അരിയും മുളകും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ഉത്തംകുമാർ റെഡ്ഡി മറുപടി നൽകി. വില സംബന്ധിച്ച അന്തിമതീരുമാനം വരും ദിവസങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിക്കും. അരിയുടേയും മുളകിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.കേരളത്തിലെ അരി വില വര്‍ദ്ധനവിന് പരിഹാരം കാണാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് പ്രതീക്ഷ.
4. പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് ഇടുക്കി ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. പുതിയ മത്സ്യകുളം നിര്‍മ്മാണം, സമ്മിശ്ര മത്സ്യകൃഷി പദ്ധതി, പിന്നാമ്പുറ അലങ്കാര മത്സ്യവിത്ത് ഉത്പാദന കേന്ദ്രം, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യവിത്ത് ഉത്പാദന കേന്ദ്രം, ചെറിയ ആര്‍.എ.എസ്. യൂണിറ്റ്, മോട്ടോര്‍ സൈക്കിളും ഐസ്ബോക്സും എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫെബ്രുവരി 5 ന് മുന്‍പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മത്സ്യകര്‍ഷക വികസന ഏജന്‍സി, പൈനാവ് പി.ഒ., ഇടുക്കി എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233226 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടാം. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.