കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ഓർമ്മയായി .
കോവിഡ് ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു എൺപത്തിയാറു വയസ്സുകാരിയായ സുഗതകുമാരി ടീച്ചർ .
സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ശ്രീ .ബോധേശ്വരനാണ് പിതാവ് .അമ്മ പി .കെ കാർത്യായനി അമ്മ .
മരണത്തിനപ്പുറം ജീവിതമുണ്ടോ ഇനിയൊരു ജനനമുണ്ടോ ?
തുറന്നുപറയാൻപൂർണ്ണമായും മനസ്സനുവദിക്കുന്നില്ലെങ്കിലും
ഏതൊരു നാസ്‌തികനും പലപ്പോഴായി ആഗ്രഹിച്ചതും
തുറന്നു സമ്മതിച്ചതും മരണാനന്തരം ജീവിതം ഉണ്ടെന്നുതന്നെ.
ഈ ഭൂമിയിൽ ജീവിച്ച് കൊതിതീരാതെ ''മരിച്ച വസന്തങ്ങൾ പൂവിട്ടുണരുന്ന മണ്ണിൻറെ മടിയിൽ '' വീണ്ടുമൊരു ജന്മത്തിനായി പ്രാർത്ഥാനാനിർഭരമായ മനസ്സോടെ അക്ഷരങ്ങൾ കോർത്തെടുത്ത് കവിപാടി
''ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി '' ?
കാലപ്പഴക്കത്താൽ പഴകിക്കീറിയ വസ്ത്രങ്ങൾ ഊരി മാറ്റി പുത്തനുടുപ്പിട്ട ശരീരവുമായി വീണ്ടും നമ്മൾ പിറവിയെടുക്കുമെന്നത് മതപരമായ മറ്റൊരു സൈദ്ധാന്തിക വിശ്വാസം .
ഏന്തായാലും മരണശേഷം ആത്മാവ് അഥവാ ജീവൻ മറ്റൊരു ശരീരം സ്വീകരിക്കുകയും വീണ്ടും തൻറെ ജീവിതം തുടരുമെന്നുള്ളതാവട്ടെ നമ്മുടെ പൊതുധാരണയും വിശ്വാസവും .
അരനൂറ്റാണ്ടിലേറെക്കാലമായി മലയാളകവിതയുടെ നിത്യഹരിതവിസ്‌മയമായ , മനുഷ്യമാനവികതയുടെ വരപ്രസാദമെന്ന് വിശേഷിപ്പിക്കാവുന്ന മലയാണ്മയുടെ എഴുത്തമ്മ സുഗതകുമാരി ടീച്ചർ ഈ അടുത്താണ് മരണത്തെക്കുറിച്ചും തൻറെ മരണാനന്തരം നടത്തേണ്ട ചടങ്ങുകൾ ലളിതമാക്കാനും ആ വശ്യപ്പെട്ടുകൊണ്ട് ഒസ്യത്ത് തയ്യാറാക്കിയത്.
''ജീവിതത്തിൽ സുനിശ്ചിതമായത് ഒന്നേയുള്ളു ..അതാണ് മൃത്യു ,
ഞാനിനിയും വരും ,കഷ്ട്ടപ്പെടാനും പാട്ട് പാടാനും ''
മരണം ഒന്നിൻറെയും അവസാനമല്ലെന്നും മറ്റുചിലതിൻറെ തുടക്കമാണെന്നുമുള്ള ഓർമ്മപ്പെടുത്തലുകൾ .
ഇനിയും ഈ ഭൂമിയിൽ വരാനും അവശതയനുഭവിക്കുന്നവർക്ക് തണൽ മരമാകാനും അഭയമാകാനും ടീച്ചറിൻറെ മനസ്സ് കൊതിക്കുന്നപോലെ .
ശരീരത്തിൻറെ ക്ഷണികതയെയും ബന്ധങ്ങളുടെ നിഷ്‌ഫലതയേയും തിരിച്ചറിയാൻ തുടങ്ങുമ്പോൾ മരണം ഒന്നുമല്ലാതാവുന്ന ഒരവസ്ഥ .
മനസ്സിന് ദുഖമുണ്ടാകുമ്പോഴാണ് പലപ്പോഴും കവിതയുടെ കടന്നുവരവെന്ന് സുഗതകുമാരിടീച്ചർ.
എല്ലാം ദുഖമാണെന്നും ദുഖത്തിൻറെ മൂലകാരണം തൃഷ്ണയാണെന്നും അവർ വിശ്വസിക്കുന്നു .
ഇന്ന് നിലവിലുള്ളതിൽ വെച്ചേറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നായ ബുദ്ധമതത്തിലെ ആര്യതത്വങ്ങൾ '' സർവ്വം അനിത്യം...സർവ്വം ദുഃഖം '' അവർ അയവിറക്കുന്നു .
മരണം അനുസ്‌മരിക്കുന്നത് നല്ലത് .എന്നാൽ മരണം ആഘോഷിക്കുന്നതിനോട് അശേഷം താൽപ്പര്യമില്ലെന്ന് സുഗതകുമാരിടീച്ചർ .
അരുതായ്‌മയുടെ പ്രായം .സമയമായെന്ന തോന്നൽ .എല്ലാം വിട്ടെറിഞ്ഞുപോകാനുള്ള മനസ്സിൻറെ പാകപ്പെടൽ സ്വാഭാവികം .
ഔദ്യോഗികബഹുമതികളോ ,പുഷ്പ്പചക്രങ്ങളോ ആചാര വെടിയോ വേണ്ട .
സഞ്ചയനവും പതിനാറടിയന്തിരവും കാപ്പികൊടുക്കലും ഒന്നുമില്ലാതെ തൈക്കാട്ടെ ശാന്തികവാടം ശ്‌മശാനത്തിൽ വെറും ചാരമായി മാത്രം അവശേഷിക്കുവാൻ ആഗ്രഹിക്കുകയായിരുന്നു മലയാളത്തിൻ്റെ പ്രിയ മഹാകവി .
മരണാനന്തര ചടങ്ങുകളിൽ മിതത്വവും വേറിട്ട കാഴ്ചപ്പാടുമായി സ്വന്തം ശവകുടീരത്തിൽ കുറിച്ചിടാനുള്ള രണ്ടുവരിക്കവിത ജീവിച്ചിരിക്കുമ്പോൾ എഴുതിവെച്ച മലയാളത്തിലെ മറ്റൊരു മഹാകവിയെക്കൂടി ഈ സമയത്ത് ഓർത്തുപോകുന്നു .
''തുച്ഛമാമീ ശവകുടീരത്തിൽ വെച്ചിടായ്കൊരു ദീപവും "
വർണ്ണമനോഹരമായ പൂഞ്ചിറകുകളുമായി പറന്നടുക്കുന്ന പൂത്തുമ്പികളുടെ, ചെറു പ്രാണികളുടെ അതിലോലമായ ചിറകുകൾ മൺചിരാതിലെ ദീപനാളത്തിൽ കരിഞ്ഞുപോകുമ്പോഴുള്ള മാനസികനൊമ്പരം തന്നെയാവാം കവിയുടെ ഈ വിലക്കിൻറെ മൂലകാരണം.
'
''മരണം മനോഹര പച്ചിലവിരിപ്പിട്ട ഗിരിതൻ സാനുപ്രാന്തം തഴുകും തരംഗിണി ''
എന്നെഴുതി മരണത്തെ ആഘോഷിക്കുന്നു മറ്റൊരു യുവ കവി.
ഇപ്പോഴിതാ സുഗതകുമാരിടീച്ചർ മരണാനന്തര ചടങ്ങുകളിൽ മിതത്വം വേണമെന്ന് മുന്നറിയിപ്പ് നൽകുന്നു .
തിരുവനന്തപുരം പേയാടുള്ള അഭയയുടെ പിറകുവശത്തെ പാറക്കൂട്ടത്തിനിടക്ക് ചുവന്നപഴങ്ങളുണ്ടാകുന്ന ,നിറയെ കിളികൾക്കും അണ്ണാനും ചേക്കേറാനിടമൊരുക്കിക്കൊണ്ട് തൻറെ ഓർമ്മക്കായി ഒരു ആൽമരം മാത്രം നട്ടാൽ മതിയെന്നും അർത്ഥശങ്കക്കിടയില്ലാതെ അവർ വ്യക്തമാക്കുകയുണ്ടായി .
ആൽമരം കേവലം ഒരു മരം മാത്രമല്ല പുണ്യവൃക്ഷമാണ് .ശേഷ്ഠതയും പവിത്രതയുമുള്ള ഭാരതത്തിൻറെ ദേശീയ വൃക്ഷം .
ഒരർത്ഥത്തിയിൽ ഏതു പ്രതികൂല സാഹചര്യങ്ങളിലും പരന്ന് വളരുന്ന അരയാൽ മരമായിരുന്നു സുഗതകുമാരിടീച്ചർ എന്ന പരിസ്ഥിതി പ്രവർത്തക .
ഈ ഭൂമിക്കു വേണ്ടി, ഇവിടുത്തെ പട്ടിണിപ്പാവങ്ങൾക്കുവേണ്ടി...
വിലയില്ലാത്ത പെൺകുട്ടികൾക്ക് വേണ്ടി ,
പക്ഷികൾക്കും ,മരങ്ങൾക്കും ,നദികൾക്കും വേണ്ടി
കുടിവെള്ളത്തിനും ,ശുദ്ധവായുവിനും വേണ്ടി
മണ്ണും ജലവും ഹരിതകാന്തിയും
വരും തലമുറക്കായി കരുതിവെക്കാൻ
അവനവൻറെ പെൺകുഞ്ഞുങ്ങളെ കരുതലോടെ കാക്കാൻ
അവനവൻറെ ഭാഷയെ, സംസ്‌കാരത്തെ സംരക്ഷിക്കാൻ
ഭാവതീവ്രവും ആത്മരോഷപ്രകടനാപരവുമായ അക്ഷരക്കൂട്ടുകളിലൂടെ
പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി
മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ മലയാണ്‍മയുടെ സ്വന്തം എഴുത്തമ്മ !
പ്രശസ്ഥ കവയിത്രി,പാരിസ്ഥിതിക പ്രവർത്തക !
അതിശക്തവും രാജ്യവ്യാപകവുമായ സൈലൻറ് വാലി സംരക്ഷണ പ്രക്ഷോഭം
അന്താരാഷ്‌ട്ര ശ്രദ്ധയും പരിഗണനയും നേടാൻ മാത്രം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമായി ജനഹൃദയങ്ങളിലെത്തിക്കാൻ മറ്റാരേക്കാളും മുന്നിലായിരുന്നു സുഗതകുമാരിടീച്ചർ.
സൈലന്റ് വാലി എന്ന നിശ്ശബ്‌ദ താഴ്വരയുടെ സസ്യാവരണത്തിൻറെ സവിശേഷതയും മഴക്കാടുകളുടെ മഹത്വവും പ്രാധാന്യവും അശേഷം വിലക്കെടുക്കാതെയും ബോധപൂർവ്വം അവഗണിച്ചുകൊണ്ടും 1975 കാലഘട്ടത്തിൽ കുന്തിപ്പുഴക്ക് വിലങ്ങനെ അണക്കെട്ടുനിർമ്മിച്ചുകൊണ്ട് വൈദ്യുതി ഉണ്ടാക്കാനുള്ള മോഹവുമായി വികസനവാദികളുടെ വലിയ നിരതന്നെ രംഗത്തെത്തുകയുണ്ടായി .
വിദ്യുച്ഛക്തി വകുപ്പിന്റെ സഹകരണം വേറെയും .
സൈലന്റ്‌വാലിയിലൂടെ പരന്നൊഴുകുന്ന കുന്തിപ്പുഴയെ , സൈരന്ധ്രി വനത്തെ നശിപ്പിച്ചുകൊണ്ടായാലും വേണ്ടില്ല അണക്കെട്ടുനിർമ്മാണം നടക്കണം എന്ന താൽപ്പര്യങ്ങൾക്കെതിരെ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാൻ ,ത്യാഗോജ്വലമായ സഹനസമരമുറകളിലുടെ പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുൻനിരക്കാരിൽ ഏറെ മുന്നിലായിരുന്നു സുഗതകുമാരിടീച്ചർ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 1984 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ കുന്തിപ്പുഴയിലെ പാത്രക്കടവ് ജലവൈദ്യുതി പദ്ധതി നിർത്തലാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം .
1985 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനമായി രാഷ്ട്രത്തിന് സമർപ്പിച്ചതും .
ഇടക്കൊക്കെ ഞാൻ വിളിക്കുമായിരുന്നു വേണ്ടപ്പെട്ട ആരുടെയെങ്കിലും പുസ്തകത്തിനായുള്ള അവതാരികക്ക് ,അല്ലെങ്കിൽ ഉത്‌ഘാടനത്തിന് , അതുമല്ലെങ്കിൽ ഏതെങ്കിലും പരിപാടിക്കായുള്ള ആശംസാവചനകൾക്ക് .
''ടീച്ചറമ്മ പുറത്താണല്ലോ പിന്നെവിളിക്കാമോ '' എന്ന സ്ത്രീശബ്ദമായിരിക്കും മറുതലക്കൽ .
എന്നാൽ ഓർക്കാപ്പുറത്തായിരിക്കും ചിലപ്പോൾ ഭാഗ്യമെന്ന നിലയിൽ സുഗതകുമാരിടീച്ചരുടെ
ഫോൺകോൾ ലഭിക്കുക .
അവസാനമായി ഞാൻ വിളിച്ചത് പ്രശസ്ഥ പരിസ്ഥിതി പ്രവർത്തക ശ്രീമതി .കുമാരിദാമോദറിൻറെ കവിതാസമാഹാരത്തിന് അവതാരിക ആവശ്യപ്പെട്ടു കൊണ്ട് .
''വയ്യ കുഞ്ഞേ ,പഴയതുപോലെ ഇരുന്നുവായിക്കാൻ പറ്റുന്നില്ല .പുസ്തകം മുഴുവൻ വായിക്കാതെങ്ങിനെ അവതാരിക എഴുതും ? ''-
ഇതായിരുന്നു മറുപടി .സുഗതകുമാരിടീച്ചറുടെ അവതാരികയുടെ മഹത്വവും അതുതന്നെ.
ശ്രീശ്രീരവിശങ്കർജിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സാംസ്‌കാരികോത്സവത്തിന് ആശംസാവാചകം വേണമെന്ന ആവശ്യവുമായി ഞാൻ സുഗതകുമാരി ടീച്ചറിനെ വിളിക്കുകയുണ്ടായി .ആ സമയത്ത് ടീച്ചർ സംസാരിച്ചത് മുഴുവനും അഭയയിലെ അന്തേവാസികളുടെ കാര്യമായിരുന്നു .തിരസ്‌കൃതരായ സ്ത്രീകളുടെ പുനരധിവാസത്തിൻറെ കാര്യം.അവരുടെ ഉന്നമനത്തിനായി തന്നാലാവത് ചെയ്യാൻ ആരുണ്ടെന്ന ചോദ്യം ?
ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷന് സഹായിക്കാനാകുമോ എന്ന ചോദ്യം .
ടീച്ചറുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും പറ്റാത്ത മാനസിക നിലയിലായി ഞാൻ.
വേൾഡ് ഗ്രീൻപീസ് ഓർഗനൈസേഷൻ ,സുന്ദർലാൽ ബഹുഗുണയുടെ ''ചിപ്കോ '' ,മേധാപട് കറുടെ നർമ്മദാബച്ചാവോ ആന്ദോളൻ ,വേൾഡ് വൈൽഡ് ഫണ്ട് ഇവക്കെല്ലാം ഒപ്പത്തിനൊപ്പം അഥവാ ഒരുപടി മുന്നിലാണ് സുഗതകുമാരി ടീച്ചറുടെ കൃഷ്‌ണവനവും ,അഭയയും ,പകൽവീടും അത്താണിയും എന്നുപറഞ്ഞാൽ തെറ്റാവുമോ ?
മലയിൻകീഴിനടുത്തുള്ള മഞ്ചാടി ഗ്രാമത്തലെ കുന്നിൻ ചെരുവിൽ 10 ഏക്കർ വിസ്‌തൃതിയിൽവ്യാപിച്ചുകിടക്കുന്നു സുഗതകുമാരിടീച്ചർ സ്ഥാപിച്ച ആഭയഗ്രാമം പുനരധിവാസകേന്ദ്രം നിലകൊള്ളുന്നു.
അനാഥര്‍ക്കും ആതുരര്‍ക്കും എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്.
കേരളത്തിനാവശ്യം സുഗതകുമാരിടീച്ചറുടെ പൂർണ്ണകായ പ്രതിമയല്ലെന്ന് തീർച്ച.
മഹത്തായ ലക്ഷ്യവുമായി അവർ മുന്നിട്ടിറങ്ങി സ്ഥാപിച്ച അഭയഗ്രാമം തുടങ്ങിയ ജീവകാരുണ്യപ്രവർത്തനാലയങ്ങൾ സുമനസ്സുകളുടെ കൂട്ടായ്‌മയിൽ ലോകംമുഴുവൻ ശ്രദ്ധിക്കപ്പെടുന്നതരത്തിൽ വിപിലീകരിക്കുന്നതാവും സുഗതകുമാരിടീച്ചർക്ക് നൽകാവുന്ന ഏറ്റവും വിലപ്പെട്ട ഉപഹാരവും കൃതജ്ഞതയും .