1. കേരളത്തിൽ ചൂട് ക്രമാതീതമായി വർധിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ജില്ലയിൽ 37°C വരെയും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3-4°C വരെ കൂടുതലാണിത്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഈ 3 ജില്ലകളും യെല്ലോ അലെർട്ടിലാണ്. ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം, അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.
കൂടുതൽ വാർത്തകൾ: തെങ്ങുകയറാൻ ആളെ വേണോ? വിളിക്കാം ഹലോ നാരിയല്‍ കോള്‍ സെന്ററിലേക്ക്..
2. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ ഭക്ഷ്യവിപണനമേള ആരംഭിച്ചു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, എം.ബി രാജേഷ് തുടങ്ങിയവർ സ്റ്റാളുകൾ സന്ദർശിച്ചു. കേരളത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളും സർക്കാർ ഏജൻസികളുമാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. പുത്തൻ വികസന മാതൃകകൾ, നാടൻ ഉൽപന്നങ്ങൾ, അപൂർവ്വ കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ മേളയിൽ പരിചയപ്പെടുത്തും. ഭൗമസൂചികയിൽ ഇടം നേടിയ കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി മുതൽ കാശ്‌മീരി മുളക് പൊടി വരെ മേളയിൽ ലഭ്യമാണ്. കൂടാതെ, കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്.
3. റബ്ബര്‍നടീല്‍ വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. റബ്ബര്‍ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ട്രെയിനിങ് സെന്ററിൽവച്ച് ഫെബ്രുവരി 20നാണ് പരിശീലനം നടക്കുക. റബ്ബര്‍നടീല്‍, പരിപാലനം എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇമെയില്‍:training@rubberboard.org.in
4. വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ചേലക്കര ഗ്രാമപഞ്ചായത്തില്‍ വെജിറ്റബിള്‍ കിയോസ്‌ക്ക് ആരംഭിച്ചു. കിയോസ്കിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെ സഹായത്തോടെ ചേലക്കര ഗ്രാമപഞ്ചായത്തും സിഡിഎസും ചേര്‍ന്നാണ് വെജിറ്റബിള്‍ കിയോസ്‌ക്ക് ആരംഭിച്ചത്. അയല്‍കൂട്ടങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികൾ, കുടുംബശ്രീ സംരംഭങ്ങളുടെ മറ്റ് ഉല്‍പ്പന്നങ്ങൾ എന്നിവയ്ക്ക് വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.