1. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിസിഡി സാധനങ്ങളുടെ വിലകൂട്ടി സർക്കാർ. ഇതിനുമുമ്പ് 2014-ലാണ് നിരക്ക് കൂട്ടിയത്. 13 ഇനം സാധനങ്ങളുടെ 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. എന്നാലും പൊതുവിപണിയിലെ നിരക്കിൽ നിന്നും കുറവായിരിക്കും സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില. ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69, വന്‍പയര്‍ 75, തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റര്‍ 55, ജയഅരി 1 കിലോ 29 രൂപ, കുറുവ അരി 30, മട്ട അരി 30, പച്ചരി 26 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
കൂടുതൽ വാർത്തകൾ: 1 കോടി വീടുകളിൽ സൗജന്യ വൈദ്യുതി; റൂഫ്‌ടോപ്പ് സോളാർ പദ്ധതി ഉടൻ
2. ബ്രോയിലര്‍ കോഴി ഫാമുകള്‍ ആരംഭിക്കുന്നതിന് പാലക്കാട് ജില്ലയിലെ കുടുംബശ്രീ/ഓക്‌സിലറി ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 1000-5000 കോഴികളെ പരിപാലിക്കുന്ന ഫാമുകൾ ആരംഭിക്കാം. നിലവില്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കും മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 29ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസില്‍ നല്‍കണമെന്ന് ഡിസ്ട്രിക്ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം.
3. നടത്തറ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത്തെ നേച്ചര്‍ ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് പ്രവർത്തനം തുടങ്ങി. എരവിമംഗലം സെന്ററില്‍ നടന്ന ചടങ്ങില്‍ വെജിറ്റബിള്‍ കിയോസ്‌ക്കും പഴം പച്ചക്കറി മാർക്കറ്റും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും സാധാരണക്കാരനു ലഭ്യമാക്കാനും, കര്‍ഷകനു വിൽപന നടത്താനുമുള്ള സ്ഥിരം വിപണന കേന്ദ്രമായാണ് കിയോസ്‌ക് പ്രവര്‍ത്തിക്കുക. മൂര്‍ക്കനിക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് മാർക്കറ്റ് ആരംഭിച്ചത്.
4. കൊല്ലം ജില്ലയിൽ കോഴിവളര്‍ത്തല്‍ വിഷയത്തിൽ സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് വികസന-പരിശീലന കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 21 മുതല്‍ 23 വരെ പരിശീലനം നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ബ്ലോക്ക് /പഞ്ചായത്തുകളില്‍ നിന്നും എസ് എച്ച് ജി/എന്‍ എച്ച് ജി/കുടുംബശ്രീ അംഗങ്ങള്‍/ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്തു പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് - 9496687657, 9496320409.