കൊപ്രയ്ക്കുപുറമേ പച്ചത്തേങ്ങ സംഭരണത്തിനും കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ സംഭരണരീതിയും താങ്ങുവിലയും കൊണ്ടുവരണമെന്നും കേരളം ആവശ്യമുന്നയിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വകുപ്പ് തലവന്‍മാരുടെയും കര്‍ഷകപ്രതിനിധികളുടെയും യോഗത്തിലാണ് കേരളം ആവശ്യം അറിയിച്ചത്.
മറ്റു സംസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കര്‍ഷകര്‍ക്ക് കൊപ്രയായി സംസ്‌കരിച്ച് നല്‍കാനുള്ള സാഹചര്യങ്ങള്‍ കുറവാണ്. അതുകൊണ്ടാണ് കേരളത്തില്‍ കൊപ്രയ്ക്ക് പുറമേ, പച്ചത്തേങ്ങ കൂടി സംഭരിക്കാന്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നാവശ്യപ്പെടുന്നത്. 42.70 രൂപ പച്ചത്തേങ്ങയ്ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെവരുമ്പോള്‍ 15699 രൂപ കൊപ്രയ്ക്ക് താങ്ങുവിലയായി നല്‍കണം. (കിലേയ്ക്ക് 156.99 രൂപ). നിലവില്‍ 9521 രൂപയാണ് കൊപ്രയുടെ താങ്ങുവില.
കേരളസാഹചര്യത്തില്‍ ഇത്രയും തുക ലഭിച്ചാലേ ലാഭകരമായി കൃഷി നടത്താകൂ. കേരളത്തില്‍ ഒരു തേങ്ങ ഉത്പാദിപ്പിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന തുക 19 രൂപയാണ്. അതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന വിലനിര്‍ണയ ബോര്‍ഡ്, കേരഫെഡ്, കൃഷിവകുപ്പ് ഉള്‍പ്പെടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കേന്ദ്ര കമ്മീഷന്‍ കേരളത്തില്‍ യോഗം ചേരുന്നത്. കഴിഞ്ഞതവണ കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് ഉത്പാദനചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും നടപടികള്‍ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നാളികേര വികസന കൗണ്‍സില്‍ രൂപീകരിച്ചത്. വാര്‍ഡുകള്‍ തോറും തെങ്ങില്‍തൈ നല്‍കുന്ന പദ്ധതി, കേരഗ്രാം പദ്ധതി, മൂല്യവര്‍ധിത സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.