യന്ത്രവത്കൃത യാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന 'സുസ്ഥിര മത്സ്യബന്ധനം' ബോധവത്കരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. 2017ലെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സുസ്ഥിര മത്സ്യബന്ധനം, സുരക്ഷ എന്നിവ സംബന്ധിച്ച ചട്ടങ്ങളും അനുബന്ധ വിഷയങ്ങളും അർഹമായ പ്രാധാന്യത്തോടെ മത്സ്യത്തൊഴിലാളികളിൽ എത്തിക്കാൻ ക്ലാസ് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Fisheries Scheme: മത്സ്യകൃഷിയിൽ 60 ശതമാനം വരെ സബ്‌സിഡി, PM Matsya Sampada Yojana ആനുകൂല്യങ്ങളുടെ വിശദവിവരങ്ങൾ
മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ പ്രത്യേക കരുതലിന്റെ മറ്റൊരു ഉദാഹരണമാണ് ശാസ്ത്രീയ അവബോധത്തിനായുള്ള ഇടപെടൽ. സമുദ്രമേഖലയുടെ സുസ്ഥിര വികസനമാണ് തീരോന്നതി അറിവ് ക്യാമ്പിനു പിന്നാലെ സംഘടിപ്പിക്കുന്ന സുസ്ഥിര മത്സ്യബന്ധനം ക്ലാസിലൂടെ ലക്ഷ്യമിടുന്നത്. നിയമാനുസൃത മത്സ്യബന്ധന സാമഗ്രികൾ, മത്സ്യത്തിലെ സൂക്ഷ്‌മാണു മലിനീകരണം, അമിത മത്സ്യബന്ധനത്തിന്റെ വിപത്ത്, മത്സ്യക്കുഞ്ഞുങ്ങളുടെ നശീകരണം എന്നിവയെല്ലാം ബോധവത്‌കരണ ക്ലാസിൽ വിഷയമാകുമെന്നും എം.എൽ.എ. പറഞ്ഞു.
മുനമ്പം ഹാർബർ വനിത വിശ്രമകേന്ദ്രം ഹാളിൽ നടന്ന ചടങ്ങിൽ പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ എസ്. ജയശ്രീ ആമുഖ പ്രഭാഷണം നടത്തി. സുസ്ഥിര മത്സ്യബന്ധനത്തിൽ മത്സ്യത്തൊഴിലാളികളുടെ പങ്കിനെക്കുറിച്ച് എം.പി.ഇ.ഡി.എ നെറ്റ്‌ഫിഷ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജോയ്‌സ് വി തോമസ്, 'കെ.എം.എഫ്.ആർ.എ നിയമവും നിർവഹണവും' എന്ന വിഷയത്തിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടർ പി. അനീഷ് എന്നിവർ ക്ലാസ് നയിച്ചു. എക്സ്റ്റൻഷൻ ഓഫീസർ എം.എൻ സുലേഖ പ്രസംഗിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കേരളവും ഉല്‍നാടന്‍ മത്സ്യ ബന്ധനവും (Kerala and Inland fishing )
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു തങ്കച്ചൻ, സി.എച്ച് അലി, രാധിക സതീഷ്, വാർഡ് അംഗം കെ.എഫ് വിൽസൻ തുടങ്ങിയവർ പങ്കെടുത്തു. ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിൽ ഗ്രാമ പഞ്ചായത്തുതല ബോധവത്‌കരണ ക്ലാസുകൾ നടക്കും. ഓരോ ക്ലാസിനും 20,000 രൂപ സർക്കാർ വിഹിതമുണ്ട്.