വയനാട്: ജനകേന്ദ്രീകൃതവും സുസ്ഥിരവുമായ ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന എടവക ഗ്രാമ പഞ്ചായത്തിന്റെ ടൂറിസം പദ്ധതിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുമായുള്ള സഹകരണ സാധ്യത ചര്‍ച്ച ചെയ്യുന്നതിനുമായി ജപ്പാൻ പ്രതിനിധി സംഘം എടവക സന്ദർശിച്ചു. ജപ്പാനിലെ അകിത ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. യോജി നട്ടോറിയും യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയും എറണാകുളം സ്വദേശിയുമായ ഫിലിപ്പ് ജോര്‍ജ്ജും എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്ററും ഭരണ സമിതിയുമായി ചര്‍ച്ച നടത്തി.
വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബിന്റെയും ജനപ്രതിനിധികളായ ശിഹാബ് അയാത്ത്, വിനോദ് തോട്ടത്തില്‍, ഗിരിജ സുധാകരന്‍, സെക്രട്ടറി എന്‍. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജപ്പാന്‍ പ്രതിനിധി സംഘത്തിന് സ്വീകരണം നല്‍കി.
ബന്ധപ്പെട്ട വാർത്തകൾ: New Tourism Schemes: വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ച് ടൂറിസം മന്ത്രാലയം
എടവക ഗ്രാമ പഞ്ചായത്തിന്റെ ടൂറിസത്തിനു വേണ്ടിയുള്ള സവിശേഷ വര്‍ക്കിംഗ് ഗ്രൂപ്പിനെക്കുറിച്ചും പഞ്ചായത്തിൽ നടന്ന ടൂറിസം ഗ്രാമസഭയെക്കുറിച്ചുമുള്ള വിവരങ്ങൾ യോജി നടോറിയും സംഘവും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രതിസന്ധിയിലകപ്പെട്ട കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കി തൊഴിലവസരം സൃഷ്ടിക്കുംവിധം പ്രകൃതിക്കിണങ്ങിയ ജനകീയ ടൂറിസം പദ്ധതിക്ക് തുടക്കം കുറിക്കുവാന്‍ എടവക ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സര്‍വേഷന്റെ സഹകരണം ഉറപ്പു വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സംഘം പറഞ്ഞു.