അപ്രതീക്ഷിതമായെത്തിയ കോവിഡ് പോലുളള മഹാമാരികള്‍ നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. ഈ സാഹചര്യത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് പ്രാധാന്യമേറുകയാണ്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഴയതിനെക്കാള്‍ ആളുകള്‍ ബോധവാന്മാരാണ്. കോവിഡിനായി കമ്പനികള്‍ പ്രത്യേക ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അവതരിപ്പിച്ചതിനാല്‍ ഇഷ്ടമുളളത് തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. അല്പം ശ്രദ്ധിച്ചാല്‍ അബദ്ധങ്ങള്‍ ഒഴിവാക്കാം.
ഏതുതരം പ്ലാന്‍ വേണം ?
വ്യക്തിഗത ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെക്കാള്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്ന ഫാമിലി ഫ്‌ളോട്ടര്‍ ഇന്‍ഷുറന്‍സുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. നിലവില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് ഇതിലേക്ക് മാറാനുളള കാര്യങ്ങളെപ്പറ്റി ശ്രദ്ധിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം ഒന്നിച്ച് കവറേജ് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളാണ് അഭികാമ്യം.
നിബന്ധനകള്‍ കൃത്യമായി വായിക്കണം
പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിച്ച് മനസ്സിലാക്കിയിരിക്കണം. നിങ്ങള്‍ക്ക് നേരത്തെയുളള രോഗത്തിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുകയില്ല. അതുപോലെ തന്നെ കോവിഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടോ എന്ന കാര്യവും ഉറപ്പുവരുത്തണം. പോളിസി എടുക്കുമ്പോള്‍ത്തന്നെ വെയ്റ്റിങ് പിരീഡ് എത്രയെന്ന് മനസ്സിലാക്കണം.
പോളിസി ടോപ്പ് അപ്പിനെക്കുറിച്ച് ?
കുടുംബത്തിനൊന്നാകെ കോവിഡ് ബാധിച്ചാല്‍ പരമാവധി ലഭിക്കുന്ന തുക എത്രയാണെന്നറിയണം. ഒപ്പം ഏതെങ്കിലും സാഹചര്യത്തില്‍ തുക ഉയരാനിടയായാല്‍ പോളിസി ടോപ്പ് അപ്പ് ചെയ്യാനുളള അവസരം ഉണ്ടോയെന്ന കാര്യം ഉറപ്പുവരുത്തണം.
കോവിഡിന് ശേഷമുളള പരിരക്ഷ ?
കോവിഡ് വന്നുപോയതിന് ശേഷമുളള ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോയെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം.
കുറഞ്ഞ തുകയാണ് പരിരക്ഷയായി ലഭിക്കുന്നതെങ്കില്‍ നിലവിലെ ഇന്‍ഷുറന്‍സ് ടോപ്പ് അപ്പ് ചെയ്യാം. അല്ലെങ്കില്‍ കൂടുതല്‍ പരിരക്ഷയ്ക്കായി ഓരോരുത്തര്‍ക്കും യോജിച്ച കോവിഡ് ഇന്‍ഷുറന്‍സ് അധികമായെടുക്കാം.
കമ്പനി തെരഞ്ഞെടുക്കുമ്പോള്‍ ?
വിവിധ കമ്പനികളുടെ ക്ലെയിം തീര്‍പ്പാക്കിയതിന്റെ മുമ്പത്തെ കണക്കുകള്‍ ഇന്റര്‍നെറ്റില്‍ പരിശോധിക്കാം. അതില്‍ 90 ശതമാനത്തില്‍ കൂടുതലുളള കമ്പനികള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അതുപോലെ പോളിസി, ക്ലെയിം അനുബന്ധ സേവനങ്ങള്‍ എന്നിവ കൃത്യസമയത്ത് കിട്ടുമോയെന്ന കാര്യവും ഉറപ്പുവരുത്തണം. കാഷ്‌ലെസ് സൗകര്യങ്ങളുളളതും രാജ്യത്ത് എല്ലായിടത്തും ഹോസ്പിറ്റല്‍ നെറ്റ്‌വര്‍ക്ക് ഉളളതുമായ ഇന്‍ഷുറന്‍സ് കമ്പനിയാവണം തെരഞ്ഞെടുക്കേണ്ടത്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/health-insurance-policy-is-available-for-senior-citizens-too/