കോട്ടയം: മരച്ചീനിയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിദേശ വിപണികൾ കീഴടക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കപ്പയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരംഭിച്ച കർഷക സ്വയംസഹായ സംഘമായ 'ചിപ്രോ'യുടെ ഉദ്ഘാടനം പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഗ്രാമീണ മേഖലയിൽ നിന്നും അന്താരാഷ്ട്ര വിപണയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നമായി മരച്ചീനി മാറി. കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുക വഴി സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചിപ്രോ ഉത്പന്നങ്ങളുടെ ആദ്യ വിൽപന ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കാർഷിക ഉത്പന്നങ്ങളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ഭക്ഷ്യോത്പന്ന നിർമാണ കേന്ദ്രം ചിറക്കടവ് പ്രൊഡക്ട്‌സ് (ചിപ്രോ) ഒരു വർഷം മുൻപാണ് രജിസ്റ്റർ ചെയ്തത്. ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിട്ട് ചിപ്രോയ്ക്കായി ഉപകരണങ്ങൾ വാങ്ങി നൽകിയിരുന്നു. കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ (സി.റ്റി.സി.ആർ.ഐ) നിന്നാണ് സാങ്കേതിക സഹായം ലഭ്യമാക്കിയത്. പഞ്ചായത്തിലെ കർഷകരിൽ നിന്നും കപ്പ, ചക്ക, നേന്ത്രക്കുല, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ ചിപ്രോ സ്വയംസഹായസംഘം വഴി സംഭരിക്കും. തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള ഫുഡ് പ്രോസസിംഗ് യൂണിറ്റിൽ നിന്നും മൂല്യവർധിത ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കൃത്രിമ രുചികൾ ചേർക്കാതെ പൂർണ ശുചിത്വം പാലിച്ച് മിക്സ്ചർ, മുറുക്ക്, പക്കാവട, മധുരസേവ, ഉപ്പേരി മുതലായ വിഭവങ്ങളാണ് ചിപ്രോ വിപണിയിലെത്തിക്കുന്നത്.
ഉത്പന്നങ്ങൾ പഞ്ചായത്തിൽ തന്നെയുള്ള ചിപ്രോ ഔട്ട്ലെറ്റുകളിലൂടെയും കുടുംബശ്രീ വഴിയും ബേക്കറികളിലൂടെയും പലചരക്ക് കടകളിലൂടെയുമാണ് വിപണിയിലെത്തിക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്കുപഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ ടി. ബിന്ദു, സ്ഥിരംസമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി. ശോഭന, പഞ്ചായത്തംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി ഡൊമനിക്, ചിപ്രോ സെക്രട്ടറി ബി സുനിൽ, പ്രസിഡന്റ് ഒ.എം. അബ്ദുൾ കരിം എന്നിവർ പങ്കെടുത്തു.