ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല്. വളരെ ചെറുപ്പത്തിലേ സമ്പാദ്യശീലം വളർത്തുകയാണെങ്കിൽ സുരക്ഷിതമായ ഭാവി ഉറപ്പാക്കാം. അതിനാൽ തന്നെ കുട്ടികൾ വളർന്നു വരുമ്പോൾ തന്നെ അവർക്ക് പണത്തിന്റെ മൂല്യത്തെ കുറിച്ചും ചെലവിനെ കുറിച്ചും കൃത്യമായ അവബോധം നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: കയ്യിലെ ചുരുങ്ങിയ പൈസയിൽ ഭാവിയിലേക്ക് സമ്പാദ്യം; വനിതകൾക്കായുള്ള എല്‍ഐസി സ്‌കീം അറിയാം
വീട്ടിലെ പണമിടപാടുകളിലും മറ്റും അവരുടെയും പങ്കാളിത്തം കൊണ്ടുവരാം. അതായത്, ഷോപ്പിങിന് പോകുമ്പോൾ അവരെ ഒപ്പം കൂട്ടിയും വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ എങ്ങനെയെന്ന് അവരെ കൂടി ഉൾപ്പെടുത്തി സംസാരിക്കുന്നതും നല്ലതാണ്. കുട്ടികളായിരിക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചെറുപ്പത്തിലേ ഒരു ധാരണ ഉണ്ടാക്കാനാകും.
റിവാർഡ് നൽകാം
കുട്ടികൾ ചെയ്യുന്ന വീട്ടിലെ എന്തെങ്കിലും ജോലിയ്ക്ക് പ്രതിഫലമായി പണം നൽകാം. പണത്തിന്റെ വില മനസിലാക്കുന്നതിനാണ് ഇത്. വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ ഒതുക്കിവെക്കൽ, കാറ് കഴുകൽ, പൂന്തോട്ട പരിപാലനം, വീട് വൃത്തിയാക്കൽ, വസ്ത്രങ്ങൾ ഒതുക്കിവെക്കൽ, കാറ് കഴുകൽ എന്നിവ അവർക്ക് നൽകാവുന്നതാണ്. ഇതിന് ടിപ്പായി അവർക്ക് പണം നൽകാം.
സമ്പാദ്യം തുടങ്ങാം
ഇങ്ങനെ ലഭിക്കുന്ന പണം ഒരു കുടുക്കയിൽ സൂക്ഷിക്കുവാനായി അവരോട് നിർദേശിക്കുക. കുടുക്കയിലെ നിക്ഷേപം ശീലമാക്കാനും പറയണം. കുടുക്ക നിറയുമ്പോൾ അവ പുറത്തെടുത്ത് എത്രമാത്രം സമ്പാദിച്ചുവെന്ന് അവരെ കാണിക്കണം. ഇത് കുട്ടികളിലെ സമ്പാദ്യ ശീലത്തെ പ്രോത്സാഹിപ്പിക്കും.
രക്ഷിതാവ് ഒരു മാതൃകയായാൽ മാത്രമേ കുട്ടികളും അതിനെ പിന്തുടരൂ. തങ്ങളുടെ ശമ്പളത്തിൽ നിന്ന് വളരെ ബുദ്ധിപൂർവം ചെലവഴിക്കുന്നതിനും സമ്പാദിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കുട്ടികൾ വലുതാവുമ്പോൾ അനുകരിക്കും. കാരണം പഠിപ്പിക്കുന്നതിനേക്കാൾ കണ്ടു പഠിക്കുന്നതാണ് കൂടുതൽ പ്രയോജനം ചെയ്യുക. കുട്ടികൾ വലുതായി ഇത് പിന്തുടരുമ്പോൾ അവർക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും മറക്കരുത്.
18 വയസ് ആകുന്നതിന് മുൻപ് തന്നെ സമ്പത്തിന്റെയും സമ്പാദ്യത്തിന്റെയും മൂല്യവും അവ എങ്ങനെ വിനിയോഗിക്കാം എന്നതും സംബന്ധിച്ച് കുട്ടികൾക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പ്ലസ് ടു കഴിഞ്ഞ് ബിരുദ വിദ്യാർഥികളാകുമ്പോൾ തന്നെ ഇവർ നിക്ഷേപ പദ്ധതികളുടെ ഭാഗമാകുന്നതിന് ഇത് സ്വാധീനിക്കും. ചെലവുകളെ എങ്ങനെ നിയന്ത്രിക്കാമെന്നതും നിക്ഷേപം എങ്ങനെ വിനിയോഗിക്കാമെന്നും ഈ സമയത്ത് കുട്ടികളിൽ അവബോധമുണ്ടാകും.
കുട്ടികൾ ഏകദേശം പ്രായപൂർത്തിയാകുമ്പോൾ കുടുക്കയിലെ സമ്പാദ്യം സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് ആക്കാം. അവരുടെ പഠന ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഇവ വിനിയോഗിക്കാം.
ഭാവി സുരക്ഷിതമാക്കാൻ സമ്പാദ്യം
ചെലവിന് മാത്രമല്ല, സമ്പാദിക്കാനുമുള്ളതാണ് പണമെന്ന് കുട്ടികൾക്ക് ബോധ്യമുണ്ടാകണം. സാമ്പത്തിക ആവശ്യങ്ങൾക്ക് കടങ്ങളെയും വായ്പകളെയും ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. കുട്ടിക്കാലത്തെ കുട്ടികളുടെ ചെലവാക്കലിൽ രക്ഷിതാവ് അൽപം നേതൃത്വം നൽകി അവരെ നയിക്കുക. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാവുന്ന പ്രായമെത്തുമ്പോൾ കുട്ടികൾക്ക് രക്ഷിതാവിന്റെ നിയന്ത്രണത്തോടെ ഡെബിറ്റ് കാർഡ് നൽകാം.