നികുതി അടയ്ക്കാൻ സാധിക്കാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ വർഷം തന്നെ പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഉടമസ്ഥാവകാശം തർക്കരഹിതമായി സ്ഥാപിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള കണ്ടംകുളം ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിൽ ആദ്യമായി യുണീക് തണ്ടപ്പേര് നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. ആധാറും തണ്ടപ്പേരും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കൈവശക്കാർക്ക് ഭൂമി കൊടുക്കുക എന്നത് മാത്രമല്ല സർക്കാരിന്റെ ലക്ഷ്യമെന്നും അർഹരായ എല്ലാവർക്കും ഭൂമി നൽകണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഡിജിറ്റൽ റീ സർവ്വേ നടപ്പാക്കാൻ പോകുകയാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പട്ടയ മിഷനിലൂടെ ഭൂമി നൽകാനുള്ള തടസ്സങ്ങളെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ജൂൺ ജൂലൈ മാസങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും എം എൽ എ മാരുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഭൂമിയുടെ അവകാശികൾ അല്ലാത്തവരായി എത്ര പേരുണ്ടെന്ന് കണ്ടെത്തും. ഭൂമിയുടെ ക്രയവിക്രയങ്ങൾ വേഗത്തിലാക്കുന്നതിനായാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവും ലൊക്കേഷനും സ്കെച്ചും അറിയാൻ കഴിയുന്ന വിധത്തിൽ രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പിന്റെ പോർട്ടലുകളായ പേളും, റെലീസും, ഇ മാപ്പും ഒത്തുചേർന്ന് എന്റെ ഭൂമി എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സേവനങ്ങളും സ്മാർട്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം. നവംബർ ഒന്നാം തിയതി കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുന്നതിനുള്ള അവസാന ഒരുക്കങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. സമഗ്ര വികസന നയമാണ് സർക്കാരിന്റെ ലക്ഷ്യം. സ്വന്തം ഭൂമിയിൽ ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2021 ന് ശേഷം 1,22,000 പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതായും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.കെ രമ, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ്, ജില്ലാ കലക്ടർ എ.ഗീത, സബ്കലക്ടർ വി. ചെൽസാസിനി, എ.ഡി.എം സി മുഹമ്മദ് റഫീഖ്, അസി. കലക്ടർ സി. സമീർ കിഷൻ, ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: റോസ്ഗർ മേള സർക്കാരിന്റെ പുതിയ ഐഡന്റിറ്റിയായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി