ആലപ്പുഴ: ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ മണ്ണിനങ്ങളുടെ പരിപാലനം സംബന്ധിച്ച് സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ശില്‍പ്പശാല ഇന്ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് അങ്കണത്തില്‍ നടക്കും. രാവിലെ പത്തിന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ശില്‍പ്പശാലയോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക ശാസ്ത്രപ്രദര്‍ശനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിന് ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന കേരളത്തിലെ മണ്ണിനങ്ങളുടെ സാമ്പിള്‍ കിറ്റുകളുടെ വിതരണോദ്ഘാടനവും എം.പി നിര്‍വ്വഹിച്ചു.
ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, മണ്ണു സംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. ബിജു, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ കെ. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രദര്‍ശന വേദിയില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കാര്‍ഷിക പ്രദര്‍ശനം നാളെ (മാര്‍ച്ച് 12) സമാപിക്കും.
ജില്ലയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്നബാധിത മണ്ണിനങ്ങളായ മണല്‍ മണ്ണ്, കരിമണ്ണ് പൊക്കാളി മണ്ണ് എന്നിവയുടെ ശാസ്ത്രീയ ആരോഗ്യ പരിപാലനവും കാര്‍ഷിക പുനരജ്ജീവനവും വളര്‍ച്ചയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചടയമംഗലത്തെ സംസ്ഥാന നിര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രവും പാറോട്ടുകോണം സംസ്ഥാന സോയില്‍ മ്യൂസിവുമാണ് പരിപാടി ഏകോപിപ്പിക്കുന്നത്.