അതിവേഗത്തിലുള്ള ഇൻ്റർനെറ്റ് സേവനം ഗുണമേൻമയോടെ കെ ഫോണിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ പ്രഖ്യാപിച്ച് സംസാരിക്കവേയാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്.
കെ ഫോൺ പദ്ധതി
ഏറെക്കുറെ പൂർണതയിലേക്ക് എത്തുന്നു. നൂതന വിജ്ഞാന ശൃംഖലയുമായി നമ്മുടെ നാടിനെ വിളക്കിച്ചേർക്കാൻ വേണ്ട നടപടികളാണ് സർക്കാർ ചെയ്യുന്നത്. വിവിധ തലത്തിലുള്ള ഇടപെടലിൽ ഒന്നാണ് ഇൻ്റർനെറ്റ് സൗകര്യം ഒരുക്കൽ. ഇൻ്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം.ഓരോ പൗരനും ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടതുണ്ട്. അത് വാചകത്തിൽ ഒതുങ്ങരുതെന്നും പ്രവർത്തിപഥത്തിൽ എത്തണം എന്നതിനാലുമാണ് കെ ഫോൺ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
30000ത്തിലധികം കിലോമീറ്റർ ഒപ്റ്റിക്കൽ കേബിൾ ശൃംഖലയാണ് വരുന്നത്. ഇതിനായി 1611 കോടി രൂപ ചെലവഴിക്കുന്നു. ഡിജിറ്റൽ സാക്ഷരത ഏറെ ആവശ്യമുള്ള കാലഘട്ടമാണിത്. അക്ഷര പരിജ്ഞാനത്തിനൊപ്പം ഡിജിറ്റൽ സങ്കേതം, മാധ്യമം, നിയമം എന്നിവയിലെല്ലാം സാക്ഷരത അനിവാര്യമാണ്. എങ്കിലേ ഗുണമേൻമയുള്ള ജീവിതം നമുക്ക് നയിക്കാനാകൂ. സംസ്ഥാനത്ത് 800ലധികം സർക്കാർ സേവനം ഓൺലൈനായി ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എന്താണ് കെ ഫോൺ
സംസ്ഥാനത്തെ ഡിജിറ്റൽ മേഖല/ ഇൻ്റർനെറ്റ് മേഖലാ രംഗത്ത് മാറ്റങ്ങൾ വരുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് കെ. ഫോൺ. കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിനാണ് നടത്തിപ്പിനുള്ള കരാർ ഉള്ളത്. ഏവർക്കും ഇൻ്രർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കെഫോൺ നെറ്റ് വർക്ക് സംസ്ഥാനത്തെ 14 ജില്ലകളെയും കോർ റിംഗ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. ഇത് വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതി സഹായകമാകും എന്നാണ് പറയുന്നത്.
എന്തൊക്കയൊണ് കെ ഫോൺ പദ്ധതിയുടെ ഗുണങ്ങൾ
എല്ലാ സർവ്വീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ, കണ്ടൻ്റ് സർവീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ സംസ്ഥാനത്ത് നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ്/ഇൻട്രാനെറ്റ്ലഭ്യമാകും എന്നും ഇതിൻ്റെ ഗുണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഉൽപ്പാദനോന്മുഖ വികസന മുന്നേറ്റത്തിന് തൊഴിൽ സഭ വലിയ പങ്ക് വഹിക്കും