1. ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 10 വർഷത്തിന് മുമ്പെടുത്ത ആധാർ കാർഡുകൾ സെപ്റ്റംബർ 14 വരെ സൗജന്യമായി പുതുക്കാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുകയാണ്. തിരിച്ചറിയൽ രേഖ, മേൽവിലാസം തുടങ്ങി യാതൊരു വിവരങ്ങളും ഇതുവരെ അപ്ഡേറ്റ് ചെയ്യാത്തവർക്ക് സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാൻ അവസരമുണ്ട്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഓൺലൈൻ വഴി പുതുക്കാൻ സാധിക്കുക. അക്ഷയ കേന്ദ്രങ്ങളോ മറ്റ് സേവന കേന്ദ്രങ്ങളോ വഴി ബന്ധിപ്പിക്കുന്നവർക്ക് 50 രൂപ നൽകണം. സാങ്കേതിക പ്രശ്നങ്ങൾ മൂലം നിരവധി പേർക്ക് പുതുക്കാനുള്ള അവസരം ലഭിക്കാത്തതിനെ തുടർന്നാണ് കാലാവധി നീട്ടിയത്.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ..
1. ആദ്യം https://uidai.gov.in/ പോർട്ടൽ സന്ദർശിക്കണം
2. myAadhaar ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
3. ആധാർ അപ്ഡേറ്റിൽ ക്ലിക്ക് ചെയ്യുക
4. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് verify ചെയ്യുക
5. പേര്, മേൽവിലാസം, ഫോൺ നമ്പർ, ജനന തീയതി എന്നിവ അപ്ഡേറ്റ് ചെയ്യാം
6. രേഖകളുടെ പകർപ്പ് അപ്‌ലോഡ് ചെയ്യണം
7. Confirm and submit ബട്ടണിൽ ക്ലിക്ക് ചെയ്യണം
8. ഒരു സേവന അഭ്യർഥന നമ്പർ ലഭിക്കും. സ്റ്റാറ്റസ് പരിശോധിക്കാം.
9. മൊബൈൽ നമ്പറിൽ ഒരു സന്ദേശം ലഭിക്കും
2. എറണാകുളം കോതമംഗലത്ത് വാഴയില ലൈനിൽ മുട്ടിയെന്ന പേരിൽ കെ.എസ്.സി.ബി വെട്ടിനിരത്തിയത് 406 വാഴകൾ. ഓണം വിപണി ലക്ഷ്യമിട്ട് അനീഷ് എന്ന യുവ കർഷകന്റെ തോട്ടത്തിലെ വാഴകളാണ് കെ.എസ്.സി.ബി വെട്ടിനശിപ്പിച്ചത്. ഹൈടെൻഷൻ ലൈൻ കടന്നുപോകുന്നതു മൂലമാണ് വാഴകൾ വെട്ടിയതെന്നാണ് കെ.എസ്.സി.ബിയുടെ വാദം. എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെയാണ് വാഴകൾ നശിപ്പിച്ചതെന്ന് അനീഷ് പറയുന്നു. വെട്ടി കളഞ്ഞതിൽ മിക്കതും കുലച്ചവാഴകളായിരുന്നു, ഇതിൽ ഏകദേശം 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അനീഷ് അറിയിച്ചു.
3. ഇന്ത്യയിൽ നിന്നും വിരുന്നെത്തിയ കാക്കകൾ മടങ്ങാത്തതിനെ തുടർന്ന് നിയന്ത്രണ നടപടി സ്വീരിക്കാനൊരുങ്ങി സൗദി പരിസ്ഥിതി വകുപ്പ്. ജിസാനിലും ഫറസാൻ പ്രദേശത്തും കാണുന്ന ഇന്ത്യൻ കാക്കകളുടെ എണ്ണം വർധിച്ചതായി പക്ഷി നിരീക്ഷകർ കണ്ടെത്തി. ഇതോടെ പ്രദേശത്തെ ചെറുപ്രാണികളും അപ്രത്യക്ഷമാകാൻ തുടങ്ങി. കാക്കകളുടെ എണ്ണം ഇനിയും കൂടുന്നത് ജീവ ജാലങ്ങളുടെ നില നിൽപിനെ ബാധിക്കുമെന്നതു കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാക്കകളുടെ എണ്ണം കണ്ടെത്തി, പ്രജനനകാലം നിർണയിച്ച്, കൂടുകൾ കണ്ടെത്തി തുരത്താനാണ് വന്യജീവി സംരക്ഷണം ലക്ഷ്യമിടുന്നത്.