മണ്ണിനെയും കൃഷിയെയും സംരക്ഷിക്കാനുള്ള സ്ത്രീകളുടെ കൂട്ടായ മുന്നേറ്റമാണ് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് നെറ്റ് പ്ലാൻ തയ്യാറാക്കുന്നത് വഴി നടക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ചേർന്ന് തയ്യാറാക്കിയ നെറ്റ് പ്ലാനിന്റെ സംസ്ഥാനതല ഉദ്ഘാടനം വരവൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
41 ലക്ഷം കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ സേവനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ആണ് നെറ്റ് പ്ലാൻ തയ്യാറാക്കിയത്. മണ്ണിനെയും കൃഷിയെയും സംരക്ഷിക്കുകയാണ് നെറ്റ് പ്ലാനിന്റെ ലക്ഷ്യം. കൃഷി, ജലസേചന, മൃഗ ക്ഷേമ വകുപ്പുകളുമായി ചേർന്നാണ് നെറ്റ് പ്ലാൻ സമഗ്രമായി തയ്യാറാക്കുന്നത്. പ്ലാനിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണം. പ്രകൃതിയെ സംരക്ഷിച്ച് കാലാവസ്ഥ വ്യതിയാനം നേരിടേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വ്യക്തിയുടെയും ഉടമസ്ഥതയിൽ ഉള്ള സർവേ നമ്പറിൽ നടത്തേണ്ട പരിപാലന പ്രവർത്തികൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയാണ് നെറ്റ് പ്ലാൻ. ജില്ലാ ആസൂത്രണ സമിതി കിലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തയ്യാറാക്കിയ നെറ്റ് പ്ലാനിന്റെ പ്രകാശനമാണ് വരവൂർ ഗ്രാമ പഞ്ചായത്തിൽ നടന്നത്.
കേവലമൊരു തൊഴിൽദാന പദ്ധതിയിൽ നിന്ന് മാറി പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥ മാറ്റത്തിന്റെ കെടുതികളെ ചെറുക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയേയും മറ്റു വകുപ്പുകളെയും സർഗാത്മകമായി പ്രയോജനപ്പെടുത്തുകയാണ് നെറ്റ് പ്ലാൻ ലക്ഷ്യം. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരുവാനും ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവന അടിത്തറക്ക് ശക്തി പകരാനും ഇതുവഴി സാധിക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ 16 പഞ്ചായത്തുകളിലും പിന്നീട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡറക്ടർ എ. നിസാമുദ്ദീൻ വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡൻറ് എസ് ബസന്ത് ലാൽ, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം എം ആർ അനൂപ് കിഷോർ, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ജെ. പി. സി. എം. കെ. ഉഷ, ജനപ്രതിനിധികളായ വി. ജി. ദീപുപ്രസാദ്, പി. കെ. യശോദ, ടി. എ. ഹിദായത്തുള്ള, വിമല പ്രഹ്ലാദൻ,പ്രീതി ഷാജു, വി.സക്കീന, വി.സക്കീന, സി. യു.അബൂബക്കർ, എം. ബീവാത്തുകുട്ടി, എം.വീരചന്ദ്രൻ, വി. കെ.സേതുമാധവൻ, പി.എസ്.പ്രദീപ്, കെ.ജിഷ, വി. ടി.സജീഷ്, പി. കെ.അനിത എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി സുനിത സ്വാഗതവും വരവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എം. കെ. ആൽഫ്രഡ് നന്ദിയും പറഞ്ഞു.