സുഗതകുമാരിയുടെ സ്മരണക്കായി നൂറിനം നാട്ടുമാന്തോപ്പുകൾ പദ്ധതിയുടെയും സുഭിക്ഷം സുരക്ഷിതം കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സൗഹൃദ സംരക്ഷണ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു.കോളേജ് ക്യാമ്പസിൽ വെള്ള കുളമ്പൻ, മഞ്ഞ തക്കാളി, മധുരക്കോട്ടി, ഉണ്ട മധുരം, കൈത മധുരം തുടങ്ങിയ മാവിൻതൈകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നട്ടത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ഗവ ചീഫ് വിപ്പ് വിപ്പ് അഡ്വ കെ രാജൻ മുഖ്യാതിഥിയായി.
Kuttanellore C Achutha Menon Govt. VS Sunilkumar, Minister of Agriculture officiated at the inauguration of the college. District Panchayat Vice President Sheena Parayangadil presided over the function. Govt Chief Whip Adv K Rajan was the chief guest.
കേരളത്തിൽ അന്യം നിന്ന് കൊണ്ടിരിക്കുന്ന നാട്ടുമാവുകളുടെ സംരക്ഷണാർത്ഥം കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ സുഗതകുമാരിയുടെ സ്മരണയ്ക്കായാണ് 'നൂറിനം നാട്ടുമാവുകളുടെ മാന്തോപ്പ്' പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പുകളിലും നിലവിലുള്ള നാടൻ മാവിനങ്ങൾ സംരക്ഷിക്കും. കൂടാതെ ലഭ്യമായ നൂറിനം നാട്ടുമാവുകളുടെ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷി വകുപ്പ് ഫാമുകളിൽ ഉല്പാദിപ്പിച്ച് തൊട്ടടുത്ത പഞ്ചായത്തുകളിൽ നട്ടുപിടിപ്പിച്ച് കേരളത്തിലെ നാട്ടു മാവുകളുടെ ജീൻ ബാങ്ക് തയ്യാറാക്കുകയും ചെയ്യും.
കേരളത്തിലെ പരിസ്ഥിതി രംഗത്തിന് ഗണ്യമായ സംഭാവന നൽകിയ അന്തരിച്ച കവയത്രി സുഗതകുമാരിയുടെ സ്മരണാർത്ഥമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫലവർഗ വികസന പദ്ധതിയിൽ നിന്നും ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക.25 ഗ്രാമപഞ്ചായത്തുകളിലായി 100 ഇനം വ്യത്യസ്ത നാട്ടുമാവുകളുടെ 50,000 എണ്ണം നടീൽ വസ്തുക്കൾ വെച്ചു പിടിപ്പിച്ച് മാന്തോപ്പുകൾ ഉണ്ടാക്കും.
തിരഞ്ഞെടുത്ത വാർഡുകളിലെ പൊതു സ്ഥലങ്ങൾ, സ്കൂൾ - കോളേജ് ക്യാമ്പസ്, സർക്കാർ സ്ഥാപനങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർഷകരുടെ വീട്ടുവളപ്പുകളിലും മാവിൻതൈകൾ നടും. അന്യം നിന്നു പോകുന്ന 100 ഇനം നാട്ടുമാവുകളുടെ മാതൃവൃക്ഷങ്ങൾ കണ്ടെത്തി ജിയോ ടാഗിങ് നടത്തുക, ഇവയിൽ നിന്നും സയോൺ ശേഖരിച്ച് ഗ്രാഫ്റ്റുകൾ തയ്യാറാക്കുക, റഫറൻസ് ഗ്രന്ഥം തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യം. ഉണ്ടകൽക്കണ്ടം, തയ്യിൽ ചോപ്പൻ, കണ്ണൻ, തേനുണ്ട, ഹൽവ, അക്കര ലഡ്ഡു, പെൻഗ്വിൻ, ജെല്ലി മാങ്ങ, മരുന്ന് മാങ്ങ, പച്ച മധുരം തുടങ്ങിയ 100 ഇനം മാവിനങ്ങളുടെയാണ് ഗ്രാഫ്റ്റിങ് പൂർത്തിയായിട്ടുള്ളത്.
സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ
സഹായത്തോടെ കാർഷിക പരിസ്ഥിതി അധിഷ്ഠിത വിള സൗഹൃദ സംരക്ഷണ പദ്ധതിയുടെയും ഉദ്ഘാടനവും
വേദിയിൽ നിർവഹിച്ചു.
കേരളത്തിൽ 84,000 ഹെക്ടർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
മാവിനങ്ങളുടെ ജനിതക ശേഖരം നടത്താനും മറ്റും ഈ പദ്ധതിയെ ഏറെ സഹായിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഗൺമാൻ ഷൈജുവിനുള്ള പുരസ്കാരം മന്ത്രി നൽകി. ജൈവ കർഷകനായ കെ ബി സന്ദീപിന് ജൈവ വള കിറ്റും മന്ത്രി കൈമാറി. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ മധു ജോർജ് മത്തായി പദ്ധതി വിശദീകരിച്ചു. കൃഷി ഡയറക്ടർ ഡോ. കെ വാസുകി, അഡിഷണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ എസ് മിനി, അച്യുതമേനോൻ സ്മാരക കോളേജ് പ്രിൻസിപ്പൽ പി വി അംബിക തുടങ്ങിയവർ പങ്കെടുത്തു.