ഗ്യാസ് സിലിണ്ടർ വാങ്ങാനായി ഇനി അതാത് ഏജൻസിയിൽ തന്നെ പോകണമെന്നില്ല. പകരം ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽനിന്നും പാചകവാതകം വാങ്ങാം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ.) എന്നീ മൂന്നു കമ്പനികളുംചേർന്നാണ് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപവത്കരിക്കുന്നത്. ഇതിനായി ബുക്കിങ് ചട്ടങ്ങളിൽ മാറ്റം വരുത്തും.
പാചകവാതകം ‘ബുക്ക്’ ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സർക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങൾ മാറ്റാൻ നടപടിയെടുക്കുന്നത്.
സിലിൻഡറുകളുടെ ബുക്കിങ്ങിൽ 2020 നവംബർ ഒന്നുമുതൽ ചില മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. അതിൽ പാചകവാതക സിലിൻഡറിന്റെ ബുക്കിങ് ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ളതാക്കി.
ഇതേത്തുടർന്ന് ബുക്കിങ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ സാധിച്ചതായി എണ്ണക്കമ്പനികൾ വിലയിരുത്തിയെങ്കിലും പെട്രോളിയം മന്ത്രാലയത്തിൽ തുടർന്നും പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചർച്ചയിലാണ് ഏത് ഏജൻസിയിൽനിന്നും പാചകവാതകം എന്ന ആശയം ഉയർന്നുവന്നതെന്ന് ഐ.ഒ.സി. വൃത്തങ്ങൾ പറഞ്ഞു.പാചകവാതക ബുക്കിങ് ചട്ടത്തിൽ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികൾ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐ.ഒ.സി. വൃത്തങ്ങൾ വ്യക്തമാക്കി.