എറണാകുളം: ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. വൈ സമ്മിറ്റ് 2024 ഇന്‍ഡസ്ട്രിയല്‍ മീറ്റ് അപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിടെക്‌നിക്കിനെ സംബന്ധിച്ചിടത്തോളം ഇത് പുതിയ തുടക്കമാണ്. ഇത്തരം സൗകര്യങ്ങള്‍ സ്‌കൂളുകളിലും ഐടിഐ ക്യാമ്പസുകളിലും വ്യാപിപ്പിക്കണം. വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന വ്യത്യസ്ത സംവിധാനങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കും.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ഗവേഷണ കണ്ടെത്തലുകള്‍ വ്യവസായ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പിന്‍ബലം സര്‍ക്കാര്‍ നല്‍കും. വ്യവസായിക മേഖലയ്ക്ക് കരുത്തേക്കുന്ന നിരവധി പരിപാടികള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. മുഴുവന്‍ സമയ പെയ്ഡ് ഇന്റര്‍ഷിപ്പ് ലഭിക്കുന്നതിനാല്‍ കമ്പോളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു.
സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. വളരെ പെട്ടെന്നാണ് വിപ്ലവം സംഭവിക്കുന്നത്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം പുനര്‍ഘടന ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ കരിക്കുലം ഫ്‌ളെക്‌സിബിളായിരിക്കണം.
ഇന്ന് വിദ്യാര്‍ത്ഥികളുടെ വിരല്‍ത്തുമ്പില്‍ എല്ലാം ലഭിക്കും. പഴയ സമ്പ്രദായത്തില്‍ പഠിക്കാനും പഠിപ്പിക്കാനും കഴിയില്ല. സുതാര്യതയിലും തുല്യതയിലും വിട്ടുവീഴ്ചയില്ലാതെ പൊതുമേഖല ശക്തിപ്പെടുത്തണം. പൊതുമേഖലയില്‍ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. ഇന്നത്തെ സാധ്യതകള്‍ക്കനുസരിച്ച് സിലബസില്‍ മാറ്റം വരുത്തുകയും, മാറ്റം ഉള്‍ക്കൊണ്ട് പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തുകയും വേണം.
വ്യവസായശാലകളും വ്യവസായ മേഖലയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് സാധിക്കണം. പുതിയ കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കണം. ഇന്‍ഡസ്ട്രിയല്‍ ക്യാമ്പസ് ഉടന്‍ യാഥാര്‍ത്ഥ്യമാകും.
ഇത്തരം പരിപാടികളില്‍ ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് കൂടി ഉള്‍പ്പെടുത്തി കേരളത്തിന്റെ നേട്ടങ്ങള്‍ കണ്ടറിയാന്‍ അവസരമൊരുക്കണം. നല്ല ആശയങ്ങള്‍ക്ക് ചിറകു നല്‍കുന്ന ചുറ്റുപാട് കേരളത്തിലുണ്ടെന്നും കേരളത്തിന്റെ മികവും കരുത്തും വ്യവസായിക മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ നടന്ന പരിപാടിയില്‍ എസ്.ഐ.ടി.ടി.ടി.ആര്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍ ഗീതാ ദേവി അധ്യക്ഷത വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, ആര്‍.ജെ.ഡി കോതമംഗലം ഡോ. പി.എ സോളമന്‍, മുന്‍ ഫാക്ട് ഡയറക്ടര്‍ കെ.പി.എസ് നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.