ആരോഗ്യമേഖലയില്‍ കൂടുതല്‍ പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റില്‍ പ്രധാൻമന്ത്രി ഹെൽത്ത് ഫണ്ട് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നായി ചേർന്നാകും ഫണ്ടുകൾ സമാഹരിക്കുക.
ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ മുന്നില്‍ കണ്ടാകും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2025ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5% പൊതു ആരോഗ്യ മേഖലയില്‍ ചെലവഴിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൂടിയാകും ബജറ്റിലെ പ്രഖ്യാപനങ്ങൾ. പ്രാഥമിക ആരോഗ്യമേഖലയിലായിരിക്കും ഫണ്ടിന്റെ 25% വിനിയോഗിക്കുക.
അടിസ്ഥാന സൗകര്യവികസനം, ഗവേഷണം വികസനം, എന്നിവയും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ നടപാക്കിയിട്ടുള്ള ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ക്കൂം കൂടുതല്‍ വിഹിതം നീക്കിവയ്ക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.
ബജറ്റിന് മുന്നോടിയായുള്ള ഹൽവ സെറിമണി കഴിഞ്ഞ ദിവസം നടന്നിരുന്നു. കൂടാതെ പെതുജനങ്ങൾക്കും പാർലിമെന്റ് അംഗങ്ങൾക്കും ബജറ്റ് രേഖകൾ ലഭ്യമാക്കുന്നതിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരമൻ കഴിഞ്ഞ ദിവസം യൂണിൻ ബജറ്റ് എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു.