പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പുല്ലുവഴിയിൽ ദി മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ വളർച്ചയുടെ പാതയിലേക്ക് നയിക്കുകയാണ് സർക്കാരെന്നും, കേരളത്തിൽ കൂടുതൽ സംരംഭങ്ങൾക്ക് വഴി യൊരുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് സർക്കാരിന്റെ പ്രധാന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായത്തിന് പ്രതികൂലമായി നിൽക്കുന്ന ഘടകങ്ങളെയെല്ലാം നീക്കി സംസ്ഥാന സർക്കാർ കേരളത്തെ വ്യവസായ സൗഹൃദമാക്കി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ ഗുണനിലവാരമുള്ള കാർഷിക ഉപകരണങ്ങളാണ് സർക്കാർ സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമ്മിക്കുന്നതെന്നും ഈ സ്ഥാപനം കൂടുതൽ വളരട്ടെ എന്നും മന്ത്രി ആശംസിച്ചു.
മെറ്റൽ ഇൻഡസ്ട്രീസിന്റെ അംഗീകൃത വിതരണക്കാരായ കേരൾ അഗ്രി കോ യുടെ നേതൃത്വത്തിലാണ് പുല്ലുവഴിയിൽ വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ തൊണ്ണൂറ് വർഷത്തിന് മുകളിൽ പാരമ്പര്യമുള്ള സ്ഥാപനമാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്. 35 വർഷങ്ങൾക്ക് മുൻപാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നത്. റെയിൽവേയിൽ നിന്ന് സംഭരിക്കുന്ന ഉരുക്ക് ഉപയോഗിച്ചാണ് മെറ്റൽ ഇൻഡസ്ട്രീസ് ഉപകരണങ്ങൾ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഉത്പന്നങ്ങൾക്ക് മികച്ച ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. കാർഷിക ആവശ്യത്തിന് വേണ്ട എല്ലാവിധ ഉപകരണങ്ങളും പുല്ലുവഴിയിൽ ആരംഭിച്ച വിപണന കേന്ദ്രത്തിൽ ലഭ്യമാണ്.
അഡ്വ. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ, മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ. ഫ്രാൻസിസ് തോമസ്, ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ ബാബു ജോസഫ്, മുൻ എം.എൽ.എ സാജു പോൾ,
മെറ്റൽ ഇൻഡസ്ട്രീസ് എം.ഡി കെ. ലക്ഷ്മി നാരായണൻ , കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ ടിൻസി ബാബു, ബിജി പ്രകാശ്,
മെറ്റൽ ഇൻഡസ്ട്രീസ് ജനറൽ മാനേജർ ( പ്രൊഡക്ഷൻ) സജിത് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, ഫാ. ജേക്കബ് നങ്ങേലിമാലിൽ ,എം.എം മുജീബ് റഹ്മാൻ, എൻ.റ്റി കുര്യാച്ചൻ , വിൻസന്റ് റാഫേൽ, എഡിസൺ കുര്യാച്ചൻ, വി.പി സുനിൽ കുമാർ, റിച്ചു വിൻസന്റ്, രാഷ്ട്രീയ സാമൂഹ്യ സംഘടന പ്രതിനിധികൾ , ഉദ്യോഗസ്ഥൻ തുടങ്ങിയവർ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: പേവിഷബാധ വാക്സിന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍