കേരളത്തിൽ കോഴിയിറച്ചി വില കത്തിക്കയറുന്നു. 10 ദിവസത്തിനിടെ 75 രൂപ വരെയാണ് വില കൂടിയത്. നിലവിൽ 1 കിലോ ചിക്കന് 250 രൂപ വരെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് വില ഉയരാനാണ് സാധ്യത. നിലവിൽ പല ഹോട്ടലുകളിലും 10 മുതൽ 30 രൂപ വരെ വില ഉയർന്നിട്ടുണ്ട്.
കൂടുതൽ വാർത്തകൾ: KFON : എന്താണ് കെ - ഫോൺ?
'പാളി' കേരള ചിക്കൻ പദ്ധതി
എന്നാൽ ന്യായമായ വിലയ്ക്ക് കോഴിയിറച്ചി വിൽക്കുമെന്ന പ്രഖ്യാപനവുമായി എത്തിയ കേരള ചിക്കൻ പദ്ധതിയും ഉദ്ദേശിച്ച ഫലം കണ്ടില്ല. കുടുംബശ്രീ, കെപ്കോ, മീറ്റ് പ്രൊഡ്ക്ട്സ് ഓഫ് ഇന്ത്യ എന്നിവയാണ് നിലവിൽ പദ്ധതിയുടെ നോഡൽ ഏജൻസികൾ. കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, വാക്സിൻ തുടങ്ങിയവ തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്നത് കൊണ്ടുതന്നെ സ്വകാര്യ മേഖലകളുടെ കൈകളിലാണ് നിയന്ത്രണം. വിപണി ഇടപെടലുകളിലെ വീഴ്ചയാണ് പദ്ധതിയെ തളർത്തിയത്.
കച്ചവടക്കാർ സമരത്തിലേക്ക്..
അതേസമയം വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് കോഴിക്കോട് ജില്ലയിലെ വ്യാപാരികൾ അറിയിച്ചു. കോഴിഫാമുകളുടെ കടുത്ത നിലപാടുകൾ നിർത്താലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി അടുത്തയാഴ്ച സമരം നടത്തും.
ചൂട് കനക്കുന്നു, ഉൽപാദനം ഇടിയുന്നു..
ചൂട് അധികമായപ്പോൾ ഉൽപാദനം കുറഞ്ഞതായി ഫാം ഉടമകൾ പറയുന്നു. ചൂട് കൂടുമ്പോൾ കോഴികൾ വെള്ളം മാത്രം ശീലമാക്കും. ഇതിന്റെ ഫലമായി 30 ദിവസം എടുക്കേണ്ട സ്ഥാനത്ത് 45 ദിവസമെടുത്താണ് കോഴികൾ നിശ്ചിത തൂക്കം വയ്ക്കുന്നത്. ഉൽപാദനം അധികമായ സമയത്ത് കേരളത്തിൽ കോഴി ഇറക്കുമതി കൂടിയിരുന്നു. ആ സമയത്ത് വിലയും കുറഞ്ഞിരുന്നു.
സാധാരണ ചൂട് കാലത്ത് 90 മുതൽ 100 രൂപ വരെയാണ് വില വരുന്നത്. ഇതിനുമുമ്പ് വർഷാരംഭത്തിലും കോഴിയിറച്ചിയ്ക്ക് വില കൂടിയിരുന്നു. വെയിൽ കൂടുമ്പോൾ കോഴികൾ കഴിയ്ക്കുന്ന തീറ്റയുടെ അളവ് കുറയും. ഇതോടെ ഇവയുടെ തൂക്കവും കുറയുന്നു. ഇത്തരത്തിൽ തൂക്കം കുറയുന്നതിൽ നഷ്ടം വരാതിരിക്കാനാണ് കർഷകർ ഉൽപാദനം കുറയ്ക്കുന്നത്. കൂടാതെ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിയും ചുരുങ്ങി. ഇതോടെ വില വർധിച്ചു.