1. കേരളത്തിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ആട്ടയ്ക്ക് വില കൂടി. 5.87 ലക്ഷം മഞ്ഞ കാർഡുകാരും, 35.53 ലക്ഷം പിങ്ക് കാർഡുകാരും 1 കിലോ ആട്ടയ്ക്ക് ഇനിമുതൽ 1 രൂപ അധികമായി നൽകണം. അതായത്, മഞ്ഞ കാർഡുകാർ 7 രൂപയും, പിങ്ക് കാർഡുകാർ 9 രൂപയും നൽകണം. ഗോതമ്പ് പൊടിച്ച് ആട്ടയാക്കുന്നതിന് വരുന്ന ചെലവിനത്തിലാണ് നിരക്ക് വർധിപ്പിച്ചത്. മഞ്ഞ കാർഡുകാർക്ക് 2 കിലോ, പിങ്ക് കാർഡുകാർക്ക് 1 കിലോ എന്നിങ്ങനെയാണ് ആട്ട വിതരണം ചെയ്യുന്നത്. സപ്ലൈകോ എംഡിയുടെ ശുപാർശയെ തുടർന്നാണ് ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരക്ക് ഉയർത്താൻ തീരുമാനമായത്. ഇതിനുമുമ്പ് 2020 ഫെബ്രുവരിയിലാണ് വില വർധിപ്പിച്ചത്.
കൂടുതൽ വാർത്തകൾ: ഓണത്തിന് വലയും: സപ്ലൈകോയിൽ സബ്സിഡി ഇനങ്ങൾക്ക് ക്ഷാമം!!
2. സംസ്ഥാനത്ത് ഏലം വില ഉയർന്നതോടെ മോഷണവും സജീവമാകുന്നു. ഇടുക്കി രാജകുമാരിയിൽ വില 2,000 കടന്നതോടെ തോട്ടങ്ങളിൽ മോഷണവും വ്യാപകമാണ്. തോട്ടങ്ങളിൽ മൂപ്പെത്തിയ കായകൾ പറിച്ചെടുത്ത് ശരങ്ങൾ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്. രണ്ടര വർഷത്തിന് ശേഷമാണ് ഏലത്തിന് വില വർധിക്കുന്നത്. സീസൺ തുടങ്ങിയപ്പോൾ ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് വിളവ് കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. എന്നാൽ 2000 കടന്ന വില ദിവസങ്ങൾക്ക് ശേഷം 300 രൂപ കുറഞ്ഞു. മോഷണം തടുരുകയാണെങ്കിൽ ഏലം മേഖല പ്രതിസന്ധിയിലാകുമെന്ന് കർഷകർ അറിയിച്ചു.
3. നിരോധനം അവസാനിച്ചതോടെ ബെഹ്റൈനിൽ ചെമ്മീൻ വിപണി സജീവം. ഫെബ്രുവരി മുതൽ 6 മാസത്തേക്ക് ചെമ്മീൻ പിടിയ്ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഗുണനിലവാരമുള്ള വിവിധയിനം ചെമ്മീനുകളുടെ ചാകരയാണ് സെൻട്രൽ മാർക്കറ്റിൽ. നിരോധന സമയത്ത് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും തൊഴിൽ രഹിതരാണ്. എന്നാൽ നിലവിൽ എല്ലാവരും ചെമ്മീൻ കൊയ്ത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സമുദ്ര സമ്പത്ത് സംരക്ഷിക്കുക, ചെമ്മീൻ വ്യവസായം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിരോധനം ഏർപ്പെടുത്തുന്നത്.