1. സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് 10 രൂപ കൂട്ടി. നിലവിലെ മണ്ണെണ്ണയുടെ വില ലിറ്ററിന് 79 രൂപയാണ്. ഏപ്രിലിൽ മണ്ണെണ്ണ ലിറ്ററിന് 83 രൂപയായിരുന്നു, എന്നാൽ മേയിൽ 69 രൂപയായും പിന്നീട് ജൂണിൽ 63 രൂപയായും കുറച്ചിരുന്നു. പക്ഷെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വില വീണ്ടും 69 രൂപ ആക്കി. ഇതാണ് ഇപ്പോൾ 79 രൂപയായി കൂട്ടിയിരിക്കുന്നത്. മൂന്ന് മാസത്തേക്ക് അര ലിറ്റർ മണ്ണെണ്ണ വീതമാണ് മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് നൽകുന്നത്. കേന്ദ്രവിഹിതം കുറഞ്ഞത് കൊണ്ട് മറ്റ് കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം മാർച്ചിൽ തന്നെ നിർത്തിയിരുന്നു.
2. ചെറുധാന്യ കൃഷി വ്യാപനത്തിനായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാം ലക്ഷ്യമിടുന്നത് 100 ഏക്കറിൽ ചെറുധാന്യ കൃഷി. കൃഷിയാരംഭിച്ച സ്ഥലങ്ങളിൽ നൂറു മേനി വിജയമാണ്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയും ചെറുധാന്യങ്ങൾ കൃഷി ചെയ്യുവാൻ ആരംഭിച്ചിട്ടുണ്ട്. കർഷകർക്കാവശ്യമായ നടീൽ വസ്തുക്കൾ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായാണ് നൽകുന്നത്. കൃഷി ചെയ്യുന്ന കർഷകന് കൂലിച്ചിലവ് നൽകുവാനും തുക ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
3. കൃഷി ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്താൻ ഒരുക്കമെന്ന് ബഹ്റൈൻ കാർഷിക കാര്യമന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്ക്. ബഹ്റൈനിലെ അമേരിക്കൻ അംബാസിഡർ സ്റ്റീഫൻ ക്രിഗ് ബോണ്ടിയെ ഓഫീസിൽ സ്വീകരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെട്ട നിലയിലാണുള്ളതെന്നും ഇരുവരും വിലയിരുത്തി.