1. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സർക്കാരിന്റെ നയമനുസരിച്ചും ഏറ്റവും മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ഇനി മുതൽ ‘കേരള ബ്രാൻഡ്’ ലൈസൻസ് ലഭിക്കും. കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായ ഒരു ഐഡന്റിറ്റി നൽകുന്നതിനും സംസ്ഥാനത്തെ തദ്ദേശീയ ഉൽപന്നങ്ങൾക്ക് സവിശേഷമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ആഗോള വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ‘കേരള ബ്രാൻഡ് ലൈസൻസ്’ കേരളത്തിലെ സംരംഭങ്ങളെ പ്രാപ്തരാക്കും. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാന വ്യവസായവകുപ്പിന്‍റെ ശ്രമങ്ങൾ ഇതിലൂടെ വിജയതീരത്തേക്ക് അടുക്കുകയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ആദ്യ കേരള ബ്രാൻഡ് ലൈസൻസ് കൈമാറും. മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നല്‍കുന്നത്. ചെറുകിട വ്യവസായ സംരംഭകർക്ക് കുറഞ്ഞ ചെലവിൽ മികച്ച വിപണിമൂല്യം സംരംഭത്തിന് ഉറപ്പാക്കാൻ സർട്ടിഫിക്കേഷനിലൂടെ സാധിക്കും. കേരളത്തിൽ നിന്ന് തന്നെ ശേഖരിച്ച അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഇവിടെ തന്നെ നിർമിച്ച ഉത്പന്നങ്ങൾ ആകണം ബ്രാൻഡിനായി അപേക്ഷിക്കേണ്ടത്.
2. കാര്‍ഷികോത്പന്നങ്ങളുടെ വിപണനവും മൂല്യവര്‍ദ്ധനവും കണ്ടറിഞ്ഞ് പ്രാദേശികതലത്തില്‍ കൃഷി ആസൂത്രണം ചെയ്തു നടപ്പാക്കാനായി കൃഷി സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നു. ഓണത്തോട് അനുബന്ധിച്ച് ആദ്യഘട്ടത്തില്‍ 17 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി തുടങ്ങാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി 2026 ഓടെ കൃഷിക്ക് പ്രാധാന്യമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍, സഹകരണ മേഖല എന്നിവയുമായി കൈകോര്‍ത്താണ് കൃഷി സമൃദ്ധി നടപ്പാക്കുന്നത്. പോഷക സമൃദ്ധി മിഷന്‍, ജൈവ കാര്‍ഷിക മിഷന്‍ എന്നിവയും ഇതുമായി ബന്ധിപ്പിക്കും.
3. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴിയും വടക്കന്‍ തമിഴ്നാടിനും തെക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിരിക്കുന്നതാണ് മഴ ശക്തിപ്രാപിക്കാൻ കാരണം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.