വാട്ടര്‍ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടര്‍ന്ന് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുടിവെള്ള വിതരണം ഊര്‍ജിതമാക്കാനും നടപടി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ജലവിഭവ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേ വാട്ടര്‍ അതോറിറ്റി നേരിട്ടും ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യും. ഇതു പ്രകാരം കുമ്പളങ്ങി, ചെല്ലാനം മേഖലകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കറുകളും സജ്ജമായിട്ടുണ്ട്. ഈ ഭാഗങ്ങളിലേക്ക് ആലപ്പുഴയിലെ തൈക്കാട്ടുശേരിയില്‍ നിന്ന് വെള്ളമെടുക്കാന്‍ തീരുമാനിച്ചു.
45000, 12000, 6000, 3000, 2000 കിലോ ലിറ്റര്‍ ശേഷിയുള്ള ടാങ്കറുകളിലാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുക. വലിയ ടാങ്കറില്‍ വെള്ളമെത്തിച്ച ശേഷം ചെറിയ ടാങ്കറുകളിലേക്ക് പകര്‍ത്തി വിതരണം ചെയ്യും. അതിനാല്‍ ഇടറോഡുകളില്‍ നിന്ന് പാത്രങ്ങളുമായി ജനങ്ങള്‍ പ്രധാന വഴിയിലേക്ക് വരേണ്ടതില്ല. ഉള്‍പ്രദേശങ്ങളിലേക്ക് ചെറിയ ടാങ്കറുളില്‍ വെള്ളം വിതരണം ചെയ്യും.
കുടിവെള്ള വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിട്ടുള്ള ചുമതല ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വാട്ടര്‍ അതോറിറ്റിയും കുടിവെള്ളമെത്തിക്കുന്നത്.
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച (21) മുതല്‍ സാംപിളുകള്‍ പരിശോധിക്കും. പൊതുജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
അനുവദനീയമായ സ്രോതസുകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം മാത്രമേ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം. അനധികൃതമായതോ ഗുണനിലവാരമില്ലാത്തതോ ആയ സ്രോതസുകളില്‍ നിന്നുള്ള ജലം വിതരണം ചെയ്യരുത്. വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം.
അഡീഷണല്‍ മോട്ടോര്‍ ഉപയോഗിച്ച് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിന് വാട്ടര്‍ അതോറിറ്റി സംയുക്ത പരിശോധന നടത്തും. പരിശോധനയില്‍ കണ്ടെത്തുന്നവരെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടിയുണ്ടാകും.
വാട്ടര്‍ അതോറിറ്റിയുടെ വെന്‍ഡിംഗ് പോയിന്റുകളില്‍ ഓരോ മണിക്കൂറും പരിശോധിച്ച് റെസിഡ്യുവല്‍ ക്ലോറിന്റെ അളവ് നിരീക്ഷിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും നിര്‍ദേശിച്ചു.
കുടിവെള്ള വിതരണം സുഗമമായും കൃത്യമായും നടക്കുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൊച്ചി സിറ്റി പോലീസ് ഏര്‍പ്പെടുത്തും. കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കറുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി. ടാങ്കര്‍ ഉടമകളെയും വിശ്വാസത്തിലെടുത്തായിരിക്കണം ഇവരുടെ സര്‍വീസ് നിരക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ഓരോ ദിവസവും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അവലോകന യോഗം ചേരും. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ കുടിവെള്ള ടാങ്കര്‍ ഉടമ അസോസിയേഷന്‍ പ്രതിനിധികള്‍, ദുരന്തനിവാരണ വിഭാഗം, വാട്ടര്‍ അതോറിറ്റി, ആരോഗ്യം, ആര്‍ടിഒ, പോലീസ്, തുടങ്ങിയ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും പങ്കെടുത്തു.