Updated on: 26 February, 2023 5:15 PM IST

1. നാളികേരത്തിന്റെ താങ്ങുവില വിപണി വിലയേക്കാൾ താഴുന്നു. പച്ചത്തേങ്ങ, കൊപ്ര, ഉണ്ടകൊപ്ര എന്നിവയുടെ വില താങ്ങുവിലയേക്കാൾ കുറവാണ്. ഇതിനുമുമ്പ് നാഫെഡ് സംഭരിച്ച കൊപ്ര വിറ്റഴിക്കാതെ കിടക്കുന്നതാണ് പുതിയ സംഭരണത്തിന് പ്രതിസന്ധി. വിലയിടിവിനും ഇതാണ് കാരണം. പുതിയ സീസൺ ആരംഭിച്ചിട്ടും താങ്ങാകേണ്ട വില തന്നെയാണ് കർഷകന് തിരിച്ചടിയാകുന്നത്. ഈ സാഹചര്യത്തിൽ കേരകർഷകന് 180 കോടിയാണ് നഷ്ടം.

കൂടുതൽ വാർത്തകൾ: പത്താം തീയതിക്കുള്ളിൽ റേഷൻ വിതരണം പൂർത്തിയാക്കും: ഭക്ഷ്യമന്ത്രി

2. പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ പതിമൂന്നാം ഗഡുവിനായി കാത്തിരിക്കുന്ന കർഷകർക്ക് സന്തോഷ വാർത്ത. അടുത്ത ഗഡു ഈ മാസം 27ന് വിതരണം ചെയ്യുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമാർ ഔദ്യോഗികമായി അറിയിച്ചു. ഏകദേശം 8 കോടിയിലധികം ഗുണഭോക്താക്കൾക്ക് 16,000 കോടി രൂപയാണ് ഇത്തവണ വിതരണം ചെയ്യുന്നത്. കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുക കൈമാറുന്നത്. വിവിധ വികസന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്ന നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി കർണാടക സന്ദർശിക്കുന്നത്.

3. കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഹാക്കത്തോൺ വൈഗ 2023ന്റെ രണ്ടാംദിനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് കാർഷിക പ്രദർശനം, സെമിനാറുകൾ, ശിൽപ്പശാലകൾ, ബിസിനസ്‌ മീറ്റ്‌, അഗ്രി ഹാക്കത്തോൺ എന്നിവയും നടക്കുന്നുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർധനവ്, വിപണനം എന്നീ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകർക്ക്‌ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനും സംരംഭകരെ കാർഷിക മേഖലയിലേക്ക്‌ ആകർഷിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മാർച്ച് 2 വരെ പ്രദർശനം തുടരും.

4. തൃശൂർ ജില്ലയിലെ ഉപ്പുഴിയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിലെ 120 ഹെക്ടർ കൃഷി സ്ഥലത്തേക്ക് ജലസേചന സൗകര്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. കേരള സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൈക്കാട് ഗവ.HSLP സ്കൂളിൽ ചീര വിളവെടുപ്പ് സംഘടിപ്പിച്ചു. വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് വിവിധ തരത്തിലുള്ള ചീര വിത്തുകൾ പരിപാലിച്ചത്. കൂടാതെ കുട്ടികൾ പങ്കെടുക്കുന്ന ഓർഗാനിക് തിയേറ്റർ നാടകം മാർച്ച് 10ന് കൃഷിയിടത്തിൽ അരങ്ങേറും.

6. മലപ്പുറം ജില്ലയിൽ മൂന്ന് മാസത്തിനിടെ സപ്ലൈകോ സംഭരിച്ചത് 76.93 ശതമാനം നെല്ല്. 2756 കർഷകരിൽ നിന്നാണ് ആദ്യഘട്ടത്തിൽ നെല്ല് സംഭരിച്ചത്. ഈ മാസം 24 വരെ 7 താലൂക്കുകൾ പൂർത്തിയാക്കി. കഴിഞ്ഞ വർഷം നവംബർ 25 മുതലാണ് സംഭരണം തുടങ്ങിയത്. ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് പൊന്നാനി താലൂക്കിൽ നിന്നാണ്. 765 കർഷകരിൽ നിന്ന് 25.39 ലക്ഷം കിലോ നെല്ലാണ് ഇവിടെ നിന്നും സംഭരിച്ചത്.

7. കാലാവസ്ഥ മാറ്റത്തെ തുടർന്ന് അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകൾ വർധിക്കുന്നതായി വിദഗ്ധർ. കടൽ ജീവികളെ മാത്രമല്ല, ഇവ മനുഷ്യർക്കും ഭീഷണിയാണെന്നാണ് കണ്ടെത്തൽ. 2000 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഇത്തരം ആൽഗകൾ വർധിച്ചതായി ഗവേഷകർ കണ്ടെത്തി. സമുദ്രത്തിലെ കൂടുമത്സ്യകൃഷി പോലെയുള്ള കൃഷിരീതികളെയും ആൽഗകൾ പ്രതികൂലമായി ബാധിച്ചേക്കാം. കൊച്ചിയില്‍ സംഘടിപ്പിച്ച വണ്‍ ഹെൽത്ത് അക്വാകള്‍ച്ചര്‍ ഇന്ത്യ ശിൽപ്പശാലയിലാണ് ഗവേഷകർ ഇക്കാര്യം അറിയിച്ചത്.

8. 512 കിലോ ഉള്ളി വിറ്റ കർഷകന് ലഭിച്ചത് മിച്ചം 2 രൂപ. മറ്റെവിടെയുമല്ല, മഹാരാഷ്ട്രയിലെ സോളാപൂരിലാണ് കർഷകന്റെ ഗതികേട് തുറന്നുകാട്ടിയ സംഭവം നടന്നത്. 58 കാരനായ രാജേന്ദ്ര തുക്കാറാം ചവാനാണ് ഒരു സീസൺ മുഴുവനുമുള്ള പരിശ്രമത്തിന് തുഛ്ചമായ വില ലഭിച്ചത്. തന്റെ ഗ്രാമത്തിൽ നിന്നും 70 കിലോമീറ്റർ സഞ്ചരിച്ചാണ് ചവാൻ ഉള്ളി വിൽക്കാൻ സോളാപൂരിൽ എത്തിയത്. എന്നാൽ കിലോയ്ക്ക് ലഭിച്ചതോ 1 രൂപ. വാഹനക്കൂലി, ചുമട്ടുകൂലി എന്നിവ ഒഴിച്ച് ചവാന്റെ കൈയിൽ ബാക്കി വന്നത് 2 രൂപ 49 പൈസയുടെ ചെക്ക്. ഇനി ചെക്ക് മാറി കയ്യിൽ കിട്ടാനോ 15 ദിവസം കഴിയണം. സർക്കാർ ഉള്ളി സംഭരിക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു.

9. ഈന്തപ്പനകളെ ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ ക്യാമ്പയിനുമായി ഒമാൻ കൃഷിമന്ത്രാലയം. ദാഖിറ ഗവർണറേറ്റിൽ വളരുന്ന ഈന്തപ്പനകളെ ബാധിക്കുന്ന ചുവന്ന കീടങ്ങളെ തടയുന്നതിനായി 45 ടീമുകളാണ് ക്യാമ്പയിനിൽ പങ്കെടുക്കുന്നത്. ഈന്തപ്പനകളെ കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനും, മറ്റ് പനകളിലേക്ക് വ്യാപിക്കുന്നത് തടയുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

10. കനത്ത പകൽ ചൂടിന് ആശ്വാസം നൽകാൻ മഴ ഉടനെത്തുമെന്ന് സൂചന. ഈ മാസം 28ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നേരിയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ജില്ലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇരിട്ടി, മലമ്പുഴ, തൃശൂർ, പുനലൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ഉയർന്ന താപനില രേഖപ്പെടുത്തി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

English Summary: The support price of coconut is lower than the market price
Published on: 26 February 2023, 05:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now