ഏകദേശം ഒരു വർഷത്തോളം ദേശീയ തലസ്ഥാനത്തിന്റെ അതിർത്തികളിൽ വ്യാപകമായ കർഷക പ്രതിഷേധത്തിന് കാരണമായ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ലിന്, 2021-ന് കേന്ദ്ര കാബിനറ്റ് ബുധനാഴ്ച അംഗീകാരം നൽകി. ക്യാബിനറ്റ് യോഗത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പിന്നീട് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നൽകും.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് വിവാദമായ മൂന്ന് കർഷക ബില്ലുകൾ, നരേന്ദ്ര മോഡി സർക്കാർ കേന്ദ്ര മന്ത്രി സഭയിൽ പാസാക്കിയത്, അതിനു ശേഷം തലസ്ഥാനത്തിന്റെ അതിർത്തികളിൽ വ്യാപകപ്രതിഷേധമാണ് നടന്നത്, പഞ്ചാബിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് കിസാൻ ആക്രോശ് റാലിയായ ട്രാക്ടർ റാലി നടത്തി. പഞ്ചാബിലും ഹരിയാനയിലും ശക്തമായ കർഷക സമരമാണ് നടന്നത്. സെപ്റ്റംബർ 24 മുതൽ 26വരെ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി റെയിൽ റോക്കോ സമരം പ്രഖ്യാപിച്ചു. മാത്രമല്ല എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയായ അകാലി ദൾ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജി വെക്കുക പോലും ഉണ്ടായി.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഗുർപുരാബിലെ ടെലിവിഷൻ പ്രസംഗത്തിൽ, കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു; കൂടാതെ അദ്ദേഹം രാജ്യത്തെ ജനങ്ങളോട് വ്യക്തിപരമായി ക്ഷമാപണം നടത്തുകയും കർഷകരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഒരു "കുറവ്" വന്നിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
നവംബർ 29-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ മൂന്ന് നിയമങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള കൃത്യമായ തീയതികൾ കൃഷി മന്ത്രാലയം ആലോചിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
സർക്കാരിന്റെ അജണ്ടയിലെ 26 പുതിയ ബില്ലുകളിൽ അവതരണത്തിനും പാസാക്കുന്നതിനുമായി പട്ടികപ്പെടുത്തിയിട്ടുള്ള ബില്ലുകളായ-
-
കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും),
-
കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020,
-
അവശ്യസാധനങ്ങൾ (ഭേദഗതി) നിയമം, 2020 എന്നിവയുടെ കരാർ.
-
Farmers' Produce Trade and Commerce (Promotion and Facilitation) Act, 2020,
-
The Farmers' (Empowerment and Protection) Agreement of Price Assurance, Farm Services Act, 2020,
-
Essential Commodities (Amendment) Act, 2020.
കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) : Farmers' Produce Trade and Commerce (Promotion and Facilitation)
ഈ ബിൽ പ്രകാരം കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കുള്ളിലും അന്തർസംസ്ഥാനതലത്തിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷികവിപണികൾക്ക് പുറത്തുനിന്നും സംഭരണം നടത്താം. ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. കാർഷികോൽപ്പന്നങ്ങൾ ഇ–-വിപണിവഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്‌ണർഷിപ് സ്ഥാപനങ്ങൾക്കും സംഭരണം നടത്താം. സംഭരണം നടത്തുന്നവരിൽനിന്നും വ്യാപാരികളിൽനിന്നും സംസ്ഥാനങ്ങൾ ഫീസ് ഈടാക്കരുത് എന്നതാണ്.
കർഷക ശാക്തീകരണ, സംരക്ഷണബിൽ 2020 : The Farmers' (Empowerment and Protection)
കൃഷി ഇറക്കുന്നതിനുമുമ്പേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. അഞ്ചുവർഷംവരെ കാലാവധിയുള്ള കരാറിലെത്താം. കരാറിൽ വില നിശ്ചയിച്ച് വ്യവസ്ഥ ചെയ്യാം. തർക്കങ്ങൾക്ക് സബ്ഡിവിഷൻ മജിസ്ട്രേട്ട് തലത്തിൽ സംവിധാനം ഉണ്ടാക്കണം. പിന്നീട് ജില്ലാ മജിസ്‌ട്രേട്ടിന് അപ്പീൽ നൽകാം.
അവശ്യവസ്‌തു നിയമഭേദഗതി ബിൽ 2020: Essential Commodities (Amendment)
ഭക്ഷ്യവസ്‌തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യവ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുള്ള അധികാരം പരിമിതപ്പെടുത്തും.
ഏകദേശം ഒരു വർഷത്തോളമായി ഈ നിയമങ്ങൾക്കെതിരെ ഡൽഹി തലസ്ഥാനനഗരിയിൽ പ്രതിഷേധിക്കുന്ന 40 ഓളം കർഷക യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഈ മൂന്ന് നിയമനിർമ്മാണങ്ങളും പിൻവലിക്കുക എന്നത് അതിന് കാരണം ഇതുവരെയും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ( Food Corporation of India ) സംഭരിക്കുകയും, പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുക എന്നതായിരുന്നു ചെയ്തുകൊണ്ടിരുന്നത്. പക്ഷെ പുതിയ ബില്ലുകളുടെ വരവോടെ ഇത് അവസാനിക്കുമെന്നതാണ് കർഷകർ പറയുന്നത്. പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് കര്‍ഷക സംഘടനകൾ പറഞ്ഞത്, അതിന് ഒരു അവസാനമെന്നോണം വിവാദ ബില്ലുകളെ റദ്ദാക്കിയിരിക്കുകയാണ്.