1. കൈത്തറി തൊഴിലാളികൾക്ക് നൽകാനുള്ള വേതനത്തിൽ മൂന്നുമാസത്തെ വേതനം ഓണത്തിന് മുമ്പ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഇതുസംബന്ധിച്ച ഫയൽ ഒപ്പിട്ടുകഴിഞ്ഞെന്നും, ഓണത്തിന് മുമ്പ് തന്നെ തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. അനന്തപുരി ഓണം കൈത്തറി മേള പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചേന്ദമംഗലൂർ കൈത്തറി ഗ്രാമത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ഗ്രാമത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഈ വർഷം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പുതിയ എട്ട് ഇനം കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഇതോടെ 24 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്.പുതിയ ഉൽപ്പന്നങ്ങൾ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ധനമന്ത്രി കെ. എൻ. ബാലഗോപാലിന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കർഷകരിൽ നിന്ന് നേരിട്ട് സഹകരണ ബാങ്കുകൾ വഴി കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് സമാഹരിച്ച നാടൻ തോട്ടണ്ടിയിൽ നിന്നുള്ള കശുവണ്ടിപ്പരിപ്പാണ് ഓണക്കാലത്ത് കോർപറേഷൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
3. ജൈവ കോഴി ഉത്പ്പാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയ്ക്ക് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം തുടക്കം കുറിച്ചു. കോഴി ഫാമുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കുറഞ്ഞ ചെലവിൽ സ്ഥലം ലഭ്യമാക്കുക, വായ്പ്പകൾ, സാങ്കേതിക പിന്തുണ നൽകൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. 2033 ഓടെ ജൈവ ഉത്പ്പാദനം 5 ശതമാനമാക്കി ഉയർത്താനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമായാണ് പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടതെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജി അഹ്മദ് അൽ ഇയാദ പറഞ്ഞു.