തൃക്കാക്കര എംഎൽഎയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ടി.തോമസ് (71) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ അര്‍ബുദ ചികിത്സയിലായിരുന്ന പി.ടി തോമസ്, ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. ഒരു മാസത്തിലേറെ ചികിത്സയിലായിരുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. നാല് തവണ എംഎല്‍എ ആയും ഒരു തവണ എം.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിടവാങ്ങിയത് പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിലപാട് എടുത്ത വ്യക്തിത്വം
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ഉറച്ച നിലപാടുകൾ എടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും അതിനെതിരെ ഉയർന്നുവന്ന കടുത്ത എതിര്‍പ്പുകളെ ചെറുത്ത് തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്ന സാമൂഹിക പ്രവർത്തകനാണ് വിട വാങ്ങിയത്.
കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളിലും നിറഞ്ഞിരുന്നു.
പരിസ്ഥിതി സംരക്ഷകനായി പ്രശസ്തനായ രാഷ്ട്രീയ നേതാവ്, എഴുത്തുകാരനായും തിളങ്ങിയിട്ടുണ്ട്. 'എഡിബിയും പ്രത്യയശാസ്ത്രങ്ങളും' എന്ന പുസ്‌തകമാണ് പിടി തോമസിന്റെ രചനയിൽ പുറത്തിറങ്ങിയ പുസ്തകം.
പി.ടി.തോമസ് രാഷ്ട്രീയ- ജീവിതം
ഇടുക്കി ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോടും എറണാകുളത്തുമുള്ള ലോ കോളേജുകള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം.
വിദ്യാഭ്യാസകാലത്ത് തന്നെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായി. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിന്റെ നികുതി ലാഭിക്കൽ പദ്ധതികൾ ഏതൊക്കെ?
1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1980 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. 1990ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 1991,2001 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് നിയമസഭയിലെത്തി.
1996ലും 2006ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2016ൽ തൃക്കാക്കരയില്‍ നിന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി. 2021ലെ തെരഞ്ഞെടുപ്പിലും തൃക്കാക്കരയില്‍ നിന്നും വിജയിച്ചു.
2007ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലും എത്തി. ഗവർണറും കേരള മുഖ്യമന്ത്രിയും ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖർ പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.