ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ തുളസീവനം പദ്ധതിക്ക് 4/5/2020 തിങ്കളാഴ്ച തുടക്കമാകും. 'കരിയില എല്ലാം വളമാവട്ടെ ചപ്പുചവറുകള്‍ കായാവട്ടെ' എന്ന ആശയത്തോടെ നാപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ധനകാര്യ - കയർ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിർവഹിക്കും. രാവിലെ 11- ന് വെള്ളിയാകുളം യു പി സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു ലളിതമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി രണ്ട് മാസക്കാലത്തേയ്ക്ക് ചപ്പുചവറുകള്‍ കത്തിക്കുന്നത് പഞ്ചായത്ത് നിരോധിക്കും. കൂടാതെ ഒരുലക്ഷത്തോളം തുളസി, ആര്യവേപ്പ്, നെല്ലി തുടങ്ങിയ ഔഷധ സസ്യങ്ങള്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും നൽകും.
മാലിന്യ സംസ്‌ക്കരണം അടുക്കളയില്‍ നിന്ന് ആരംഭിക്കാം എന്ന ആശയത്തോടെ മുഴുവന്‍ വീടുകളിലും സോക്ക് പിറ്റുകള്‍ നിര്‍മ്മാണവും ആരംഭിക്കും. ഇരുപത്തി മൂന്ന് വാര്‍ഡുകളിലായി ഇതിനകം അഞ്ച് ലക്ഷം കറിവേപ്പിന്‍ തൈകളാണ് പഞ്ചായത്തിലുളളത്. അത് ഇരട്ടിയാക്കും. കായല്‍ തീരത്ത് അയ്യായിരത്തോളം കണ്ടല്‍ച്ചെടികളും പദ്ധതിയുടെ ഭാഗമായി നടും.