തിരൂർ വെറ്റില ഭൗമ സൂചിക പദവിയുമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഭൗമ സൂചിക പദവിയുടെ വിളംബര ശിൽപ്പശാല ഉദ്ഘാടനം മന്ത്രി വി എസ് സുനിൽക്കുമാർ നിർവഹിച്ചു.ഭൗമ സൂചിക പദവിഎന്നത് ഒരു പ്രത്യേക ഭൂപ്രദേശത്തെ കാർഷിക ഉല്പന്നങ്ങൾക്ക് പ്രത്യേക ഗുണമേന്മ ഉണ്ടെന്ന് സർക്കാർ അംഗീകരിക്കുന്നതാണ്. ഭൗമ സൂചിക പദവി ലഭിക്കുന്നതോടെ കർഷകർക്ക് ഉല്പന്നങ്ങൾക്ക് മികച്ച വിലയും സംരക്ഷണവും ലഭിക്കും. വെറ്റിലയുടെ ഔഷധഗുണങ്ങള്‍ ഉപയോഗപ്പെടുത്തി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കുമെന്നു മന്ത്രി പറഞ്ഞു. വ്യവസായ അടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കുക. തിരൂര്‍ വെറ്റിലയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുമായി കയറ്റുമതി ചെയ്യുന്ന തിരൂര്‍ വെറ്റില തിരൂരിലെ 270 ഹെക്റ്റര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. എരിവും ഔഷധ ഗുണവും മറ്റു വെറ്റിലകളില്‍ നിന്നും ഏറെയുണ്ട് തിരൂര്‍ വെറ്റിലയ്ക്ക്. . ഭൗമസൂചിക പദവി ലഭിക്കുന്ന പത്താമത്തെ ഉല്പന്നവും മലപ്പുറം ജില്ലയിലെ രണ്ടാമത്തെ ഉല്പന്നവുമാണ് തിരൂര്‍ വെറ്റില. നിലമ്പൂര്‍ തേക്കാണ് ജില്ലയില്‍ ഒന്നാമത്തേത്.
ഭൗമസൂചിക പദവി കൂടി ലഭിക്കുന്നതോടെ തിരൂരിലെ വെറ്റില കൃഷി പുതിയ പുതിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. കൃഷി വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ശ്രമഫലമായാണ് തിരൂര്‍ വെറ്റിലയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചത്.