ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ഡിസംബർ അഞ്ചിന് ലോകമൊട്ടാകെ മണ്ണ് ദിനം ആചരിക്കുന്നു. 2002 മുതലാണ് ലോക മണ്ണ് ദിനം ആഘോഷിച്ചു വരുന്നത്. മണ്ണൊലിപ്പ് നിർത്തുക നമ്മുടെ ഭാവി സംരക്ഷിക്കുക എന്നതാണ് ഈ ദിനത്തിൻറെ പ്രധാനലക്ഷ്യം. ഏകദേശം 33 ശതമാനത്തോളം മണ്ണിന്റെയും മൂല്യശോഷണം സംഭവിച്ചിരിക്കുന്നു എന്ന് ലോക ഭക്ഷ്യ സംഘടന സൂചിപ്പിക്കുന്നു.
മനുഷ്യൻറെ നിലനിൽപ്പിന് വായുവും ജലവും പോലെ തന്നെ പ്രധാനമാണ് മണ്ണും. ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ശുദ്ധമായ മണ്ണ് കൂടിയേതീരൂ. മനുഷ്യൻറെ നിലനിൽപ്പിന് ആധാരം തന്നെ മണ്ണാണ്. ഗുണമേന്മയുള്ള മണ്ണിൻറെ പ്രാധാന്യം അറിയുന്നവരാണ് കർഷകർ. വളക്കൂറുള്ള മണ്ണാണ് കൃഷിയിൽ പരമപ്രധാനമായ ഘടകം. മണ്ണിന് തൻറെ വ്യാപ്തത്തിൻറെ മൂന്നിരട്ടിയോളം വെള്ളം ശേഖരിച്ചു വെക്കുവാൻ കഴിയുന്നു. ഈ ശേഖരിച്ചു വെക്കൽ ആണ് മണ്ണിനെ ഫലഭൂയിഷ്ഠം ആക്കുന്ന സൂക്ഷ്മജീവികളുടെ വർധനവിന് കാരണമാകുന്നത്.
മണ്ണിൽ 50% ഫംഗസുകൾ, 20% ബാക്ടീരിയകൾ, 20% ഈസ്റ്റ് ആൽഗകൾ പ്രോട്ടോസോവ തുടങ്ങിയവയും 10% മണ്ണിരയും മറ്റു സൂക്ഷ്മജീവികളും അടങ്ങിയിരിക്കുന്നു. മണ്ണിനെ ഫലഭൂയിഷ്ഠം ആകുന്നതിൽ മണ്ണ് തന്നെയാണ് പ്രധാന പങ്കുവഹിക്കുന്നത്. മണ്ണിലേക്ക് എത്തുന്ന എല്ലാത്തിനെയും ആഗിരണം ചെയ്തു ഫലഭൂയിഷ്ഠം ആക്കാൻ മണ്ണിനെ പ്രത്യേക കഴിവുണ്ട്. 10 ഗ്രാം മേൽമണ്ണിൽ കുറഞ്ഞത് 1200 ഓളം സ്പീഷ്യസ് ജീവാണുക്കൾ ഉണ്ടെന്ന് മണ്ണിനെ കുറിച്ചുള്ള പഠനത്തിൽ തെളിയിച്ചിട്ടുണ്ട്. ഉപരിതലത്തിൽനിന്ന് പത്തു മുതൽ 15 വരെ സെൻറീമീറ്റർ താഴ്ച്ചയിലുള്ള മണ്ണാണ് മേൽമണ്ണ്. മനുഷ്യൻറെ സഹായമില്ലാതെതന്നെ മണ്ണ് സ്വയം ജൈവ സമ്പുഷ്ടമാക്കുന്നു. അന്തരീക്ഷത്തിൽ അധികമുള്ള കാർബണിനെ വലിച്ചെടുക്കാനുള്ള കഴിവ് മണ്ണിന് ഉണ്ട്. എന്നാൽ അമിതമായ രാസവള പ്രക്രിയ മണ്ണിൻറെ ജൈവികത ഇല്ലാതാക്കുന്നു. യൂറിയ പോലുള്ള രാസവളങ്ങൾ മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുകയും മണ്ണിൻറെ ഫലഭൂയിഷ്ഠത ഇല്ലാതാക്കുകയും ചെയ്യുന്നു. രാസവള ത്തിൻറെ അമിത ഉപയോഗം തന്നെയാണ് മണ്ണിനെ നശിപ്പിക്കുന്നതിൽ പ്രധാനം.
മണ്ണിൽ ഉണ്ടാകുന്ന ശോഷണം കർഷകരിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 45 ശതമാനം ധാതുക്കളും 25 ശതമാനം വീതം വായുവും വെള്ളവും 5% ജൈവാംശം ആണ് ആരോഗ്യമുള്ള മണ്ണിൻറെ അനുപാതം. അമിതമായ രാസവള പ്രക്രിയ, മണ്ണൊലിപ്പ്, മലിനീകരണം എന്നിവയെല്ലാം മണ്ണിൻറെ ജലസംഭരണ ശേഷി ബാധിക്കുകയും മണ്ണിലെ ജൈവാംശം നഷ്ടപ്പെടുത്തുകയും ചെയ്തു. പൊട്ടാസ്യം, മഗ്നീഷ്യം, ബോറൺ, സിലിക്കൺ, കാൽസ്യം തുടങ്ങിയവയെല്ലാം മണ്ണിൽ ശോഷിച്ചു എന്നാണ് കണ്ടെത്തൽ. ഒരു ഹെക്ടറിൽ ഭൂമിയിൽനിന്ന് ഓരോ വർഷക്കാലത്തോളം 16 ടൺ മേൽമണ്ണ് നശിച്ചുപോകുന്നു. കൃഷിചെയ്യുന്നതിന് ഏറ്റവും അടിസ്ഥാനമായി വേണ്ടത് നല്ല വളക്കൂറുള്ള മേൽമണ്ണ് ആണ്. കോടാനുകോടി വർഷങ്ങളെടുത്തു ഉണ്ടാകുന്ന ഫലഭൂയിഷ്ഠമായ മേൽമണ്ണ് മനുഷ്യരുടെ അശ്രദ്ധ കൊണ്ട് നിമിഷങ്ങൾക്കകം തന്നെ ഇല്ലാതാക്കുന്നു.
അനേകം വർഷങ്ങൾകൊണ്ട് മഴയും കാറ്റും മഞ്ഞും എല്ലാം ഏറ്റ് പാറകൾ പൊടിഞ്ഞു സസ്യ അവശിഷ്ടങ്ങൾ ഉൾക്കൊണ്ടാണ് മണ്ണ് രൂപപ്പെടുന്നത്. ഒരു സെൻറീമീറ്റർ കനത്തിൽ പുതിയ മണ്ണ് രൂപപ്പെടാൻ നൂറു മുതൽ ആയിരം വർഷങ്ങൾ വേണ്ടി വരുമെന്നാണ് കണക്ക്. മണ്ണ് നശിക്കുന്നതിലൂടെ കോടാനുകോടി സൂക്ഷ്മജീവികളും ഇല്ലാതാകുന്നു. പ്ലാസ്റ്റിക് പാക്കറ്റുകളും രാസകീടനാശിനികളും മണ്ണിലെ ജൈവാംശം ഇല്ലാതാക്കുകയും അതുവഴി സൂക്ഷ്മജീവികളുടെ നിലനിൽപ്പിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. മണ്ണു മാത്രമല്ല നമ്മുടെ ജലവും വായു എല്ലാം തന്നെ ഇന്ന് വളരെയധികം മലീനികരിക്കപ്പെട്ടിരിക്കുന്നു. ഇതുതന്നെയാണ് കാലാവസ്ഥ വ്യതിയാനത്തെലേക്കും ആഗോളതാപനത്തിലേക്കും വഴിവെച്ചത്. സുസ്ഥിര മണ്ണ് പരിപാലനത്തെക്കുറിച്ച് നമ്മളെല്ലാവരും തന്നെ ബോധവാന്മാരാകണം. ഭൂമിയിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിൽ മണ്ണ് പ്രധാന പങ്കുവഹിക്കുന്നു എന്നകാര്യംനാം മറക്കരുത്. പരമ്പരാഗത മണ്ണ് സംരക്ഷണ മാർഗ്ഗവും, ജൈവ കൃഷിരീതിയും, ശാസ്ത്രീയ പരിശോധനകളും സമന്വയിപ്പിച്ച് മണ്ണിൻറെ ആരോഗ്യം നമുക്ക് തിരിച്ചുപിടിക്കണം. പെട്രോളിയം മുതൽ പ്ലാസ്റ്റിക് വരെ ഉൽപാദിപ്പിക്കുന്നതിന് മണ്ണിലെ ധാതുക്കളെ ഉപയോഗപ്പെടുത്തുമ്പോൾ നാം ഓർക്കുക മനുഷ്യൻറെ ജീവൻറെ ആധാരം തന്നെ മണ്ണാണ് എന്ന കാര്യം...