2022 ജനുവരി 1 മുതൽ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി പുതിയ നിയന്ത്രണം. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പർ അതേപടി സൂക്ഷിച്ചുവയ്ക്കുമ്പോൾ കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ സംവിധാനം വരുന്നത്.
ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നൽകിയ ബാങ്കിനും കാർഡ് നെറ്റ്‍വർക്കിനുമല്ലാതെ ഇന്ത്യയിൽ കാർഡ് നമ്പർ അതേപടി സൂക്ഷിച്ചുവയ്ക്കാൻ കഴിയില്ല.
പുതുവർഷം മുതൽ ഓൺലൈൻ പണമിടപാടുകൾ 'കാർഡ് ടോക്കണൈസേഷൻ' എന്ന സംവിധാനത്തിലൂടെ ആയിരിക്കും നടത്തുന്നത്. ഇ–കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യതയും അവ സുരക്ഷിതമല്ലെന്നതും മുന്നിൽക്കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അതായത്, ഇനിമുതൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിലെ വിവരങ്ങളല്ല നൽകുന്നത്. പകരം ഒരു ടോക്കൺ ആയിരിക്കും ഉപയോഗിക്കുന്നത്. യഥാർഥ കാർഡ് വിവരങ്ങൾക്ക് പകരം ഈ ടോക്കൺ ആണ് വെബ്സൈറ്റുകൾക്ക് ലഭിക്കുക.
ഉദാഹരണത്തിന് ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പിങ് സൈറ്റുകളോ മറ്റ് വെബ്സൈറ്റുകളോ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ, ആ കാർഡ് വിവരം സേവ് ചെയ്ത് വയ്ക്കുകയാണ് നിലവിൽ ചെയ്യുന്നത്.
പിന്നീട് ഇതേ സൈറ്റിൽ എന്തെങ്കിലും പേയ്മെന്റ് നടത്തിയാൽ വീണ്ടും കാർഡ് വിവരങ്ങൾ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. പകരം സൂക്ഷിച്ചുവച്ചിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ഇടപാട് പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ ഇവ സുരക്ഷിതമല്ലെന്ന് ആർബിഐ വിലയിരുത്തുന്നു.
ടോക്കൺ സംവിധാനം
യഥാർഥ കാർഡ് വിവരങ്ങൾക്ക് പകരം ഒരു കോഡ് നൽകുന്നതാണ് 'ടോക്കൺ' സംവിധാനം. കാർഡ് വിവരങ്ങൾക്ക് പകരം ഈ ടോക്കണുകളാണ് സൈറ്റുകൾ സേവ് ചെയ്ത് വയ്ക്കുന്നത്. വെവ്വേറെ വെബ്സൈറ്റുകളിൽ ഒരു കാർഡിന് തന്നെ പല ടോക്കണായിരിക്കും നൽകുന്നത്. ഇങ്ങനെ പണമിടപാട് കൂടുതൽ സുരക്ഷിതമാക്കാനാകും.
എന്നാൽ, ഇങ്ങനെ ടോക്കൺ സൂക്ഷിക്കുന്നതിന് ഉപയോക്താവ് അനുമതി നൽകണം. ഫോണിൽ ലഭിക്കുന്ന ഒടിപി നൽകുമ്പോൾ കാർഡ് ടോക്കൺ ആക്കി മാറ്റാൻ സാധിക്കും. ടോക്കണൈസേഷന് താൽപര്യമില്ലാത്തവർക്ക് കാർഡ് വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കാതെ, ഓരോ പേയ്മെന്റ് സമയത്തും കാർഡ് നമ്പർ വിവരങ്ങൾ നൽകാം.
ബന്ധപ്പെട്ട വാർത്തകൾ: ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്ക് പ്രധാനമന്ത്രി നാളെ പ്രാരംഭം കുറിക്കും
എല്ലാം സേവനദാതാക്കളും ജനുവരി 1 മുതൽ ഈ സംവിധാനത്തിലേക്ക് മാറണമെന്ന് നിർദേശമുണ്ടെങ്കിലും ഇങ്ങനെ നടപ്പിലാക്കുന്നതിന് കൂടുതൽ സമയം വേണമെന്നാണ് കമ്പനികൾ പറയുന്നത്.
റേസർപേ പോലുള്ള കമ്പനികൾ മറ്റു സ്ഥാപനങ്ങൾക്ക് ടോക്കണൈസേഷൻ സംവിധാനം നൽകി തുടങ്ങി. ഇ–കൊമേഴ്സ് സൈറ്റിൽ നിന്ന് ഷോപ്പിങ് നടത്തി, പേയ്മെന്റ് നടത്തുമ്പോൾ ടിഎസ്പി ജനറേറ്റ് ചെയ്യുന്നു. ഈ ടോക്കൺ ഇ–കൊമേഴ്സ് വെബ്സൈറ്റിന് ലഭിക്കുന്നു. വെബ്സൈറ്റുകൾ ഇവ സൂക്ഷിച്ചുവയ്ക്കുന്നു.