തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസമേകുന്നതിനായി സബ്സിഡി ഒരുക്കി കേന്ദ്ര സർക്കാർ. ഇതോടെ തക്കാളി വില 80 രൂപയിൽ നിന്ന് 70 രൂപയാക്കി കുറച്ചു. ഇന്ന് മുതൽ തക്കാളി 70 രൂപയ്ക്ക് ലഭിച്ച് തുടങ്ങും.
നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) എന്നിവ മുഖേനയാണ് തക്കാളി സബ്സിഡി നിരക്കിൽ നൽകുന്നത്. ആദ്യം കിലോ 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതൽ 80 രൂപയ്ക്കുമാണ് സർക്കാർ സബ്സിഡിയോടെ തക്കാളി നൽകിയിരുന്നത്. ഒരാൾക്ക് 2 കിലോ തക്കാളി മാത്രമാണ് സബ്സിഡി നിരക്കിൽ വാങ്ങാൻ സാധിക്കുകയുള്ളു. സബ്സിഡി നിരക്കിൽ തക്കാളി വിൽക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സർക്കാർ ഏറ്റെടുക്കും.
സർക്കാരിന്റെ നിർദേശപ്രകാരം എൻസിസിഎഫും നാഫെഡും ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മണ്ടികളിൽ നിന്ന് തക്കാളി സംഭരണം ആരംഭിച്ചിരുന്നു. 2023 ജൂലൈ 18 വരെ, രണ്ട് ഏജൻസികൾ മൊത്തം 391 ടൺ തക്കാളി സംഭരിച്ചിട്ടുണ്ട്, ഇത് പ്രധാന ഉപഭോഗ കേന്ദ്രങ്ങളായ ദില്ലി-എൻസിആർ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിതരണം ചെയ്തു വരുന്നുണ്ട്.
"തക്കാളി വില കുറയുന്ന പ്രവണത കണക്കിലെടുത്ത് 2023 ജൂലൈ 20 മുതൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ ചില്ലറ വിലയ്ക്ക് തക്കാളി വിൽക്കാൻ ഉപഭോക്തൃകാര്യ വകുപ്പ് എൻസിസിഎഫിനും നാഫെഡിനും നിർദ്ദേശം നൽകിയിട്ടുണ്ട്," എന്ന് ഔദ്യോഗിക പ്രസ്താവന സർക്കാർ ഇറക്കി. കിലോയ്ക്ക് 70 രൂപയായി കുറച്ചത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും തക്കാളിയുടെ ഉത്പ്പാദനവും ലഭ്യതയേയും ബാധിച്ചത് വില ഉയരുന്നതിന് ഇടയാക്കിയെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കൃഷിയിറക്കിയതിൻ്റെ കാലതാമസവും പ്രതികൂല കാലാവസ്ഥയും തക്കാളിയുടെ വില വർധനവിന് കാരണമായി. അപ്രതീക്ഷിത മഴയിൽ പലയിടത്തും കൃഷി നശിക്കുകയും ഇതും വിലവർധനവിനും കാരണമായി.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ജൂലൈ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യത