അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഉദ്യോഗസ്ഥതല പരിശീലനത്തിന് കോട്ടയം ജില്ലയിൽ തുടക്കമായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിലുള്ള ഏഴു പഞ്ചായത്തുകൾ ഒഴികെ ഉള്ള, ജില്ലയിലെ മുൻസിപ്പൽ പഞ്ചായത്തു സെക്രട്ടറിമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്.
തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു പരിശീലന പരിപാടി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ നിർവഹിച്ചു. പ്രോജക്ട് ഡയറക്ടർ പി.എസ് ഷിനോ അധ്യക്ഷത വഹിച്ചു. കില ഫെസിലിറ്റെറ്റർ ബിന്ദു അജി, കോ-ഓർഡിനേറ്റർ ഡോ. ആന്റോ എന്നിവർ സംസാരിച്ചു.
തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, ജനകീയ സമിതി അംഗങ്ങൾ, കില റിസോഴ്സ് പേഴ്സൺമാർ എന്നിവർക്കുള്ള പരിശീലനത്തിന്റെ ആദ്യഘട്ടമാണിത്. ജനപങ്കാളിത്തതോടെ ഓരോ വാർഡിലും വിവരങ്ങൾ ശേഖരിക്കും.
ഭക്ഷണമില്ലായ്മ, സുരക്ഷിതമായ വാസസ്ഥലമില്ലായ്മ, അടിസ്ഥാന വരുമാനമില്ലായ്മ, ആരോഗ്യപരമായ ദുഃഖസ്ഥിതി എന്നീ ഘടകങ്ങൾ ബാധകമായ അതിദരിദ്ര കുടുംബങ്ങളെയും, വിവിധ കാരണങ്ങളാൽ സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ ഉൾപെടുത്താത്തവരെയും അർഹരായ അതിദരിദ്രരെയും കണ്ടെത്തി സഹായം നൽകുന്നതാണ് ലക്ഷ്യം.
കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് ഡയറക്ടർ, പ്രോഗ്രാം ഡയറക്ടർ, കില ജില്ലാ ഫെസിലിറ്റേറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.
പഞ്ചായത്ത്, വാർഡ് തലങ്ങളിലും ജനകീയ സമിതി രൂപീകരിക്കും. അർഹരായവരുടെ പട്ടിക പഞ്ചായത്ത് ഗ്രാമസഭകളിൽ പരിശോധിച്ച് അംഗീകാരം നൽകും.
നവംബർ 20 വരെ ഏറ്റുമാനൂർ ചൈതന്യ പാസ്റ്റർ സെന്റർ, ഭരണങ്ങാനം ഓശാന മൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം. തുടർന്ന് ബ്ലോക്ക് തലത്തിൽ ജനപ്രതിനിധികൾക്കും, ജനകീയ സമിതി അംഗങ്ങൾക്കും പഞ്ചായത്ത് തലത്തിൽ വാർഡ് ജനകീയ സമിതികൾ, ഉദ്യോഗസ്ഥർ ഫെസിലിറ്റേറ്റർമാർ, എന്നിവർക്കും പരിശീലനം നൽകും. നവംബർ 15നകം പരിശീലനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുമെന്നും ഇതിനുള്ള ഇ-ഓഫിസ് സംവിധാനം ഒക്ടോബര്‍ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ വീടുകളിലെത്തിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിലും രണ്ടാഴ്ച മുൻപ് തുടക്കമിട്ടിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ രംഗത്തുണ്ടായ നേട്ടങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് കർമപദ്ധതിയുടെ തുടക്കത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, ലിംഗ നീതി,സ്ത്രീ സുരക്ഷ എന്നിവയെയും കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം വിശദമാക്കിയതാണ്.