കോവളം മുതൽ കാസർകോട് വരെയുള്ള ദേശീയ ജലപാത അടുത്ത മേയിൽ പൂർത്തിയാകും. ജൂൺ മുതൽ തന്നെ ഈ റൂട്ടിൽ ജലഗതാഗതം ആരംഭിക്കാനാണ് ജലഗതാഗത വകുപ്പിന്റെ പദ്ധതി. ആദ്യം തിരുവനന്തപുരത്തു നിന്ന് കൊച്ചിവരെയായിരിക്കും സർവീസ്. തുടർന്ന് ടി.എസ് കനാലിലൂടെയുള്ള യാത്ര കോവളം മുതൽ കാസർകോട് വരെയാക്കും.മിനി ക്രൂസ്, വാട്ടർ ടാക്സി, വേഗ 120 ബോട്ട് എന്നിവയാണ് ദേശീയ ജലപാതയിൽ ഇറക്കുക. വേഗമേറിയ വേഗ 120 ബോട്ടുകൾ രണ്ടെണ്ണം വൈക്കം - എറണാകുളം റൂട്ടിൽ സർവീസ് നടത്തി വിജയിച്ചതിനെ തുടർന്നാണ് ദേശീയ ജലപാതയിൽ വ്യാപകമാക്കാൻ തീരുമാനിച്ചത്. വാട്ടർ ടാക്സി അടുത്ത മാസം ആലപ്പുഴയിലും കൊച്ചിയിലും നീറ്റിലിറക്കും. ആകെ നാലു വാട്ടർ ടാക്സികളാണ് ഇറങ്ങുക.
ദേശീയ ജലപാതയിൽ നിർമ്മാണം പൂർത്തിയായ കൊല്ലം മുതൽ തൃശൂർ വരെയാകും സർവീസ്. ഡിസംബറിൽ സോളാറിൽ പ്രവർത്തിക്കുന്ന ക്രൂസ് സർവീസ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ ആലപ്പുഴ - കുമരകം റൂട്ടിലാണ് സർവീസ്. തുടർന്ന് കൊല്ലം അഷ്ടമുടിയിലേക്കും സർവീസ് നീട്ടും.ദേശീയ ജലപാതയിൽ കൊല്ലം മുതൽ തൃശൂർ വരെ ഏതാണ്ട് പൂർണമായും ജലഗതാഗതത്തിന് സജ്ജമാണ്. കൊല്ലം മുതൽ പരവൂർ വരെയുള്ള കൊല്ലം തോടിന്റെ ആഴം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 70% പൂർത്തിയായി. കോവളം മുതൽ പരവൂർ വരെയും തൃശൂർ മുതൽ കാസർകോടു വരെയുമുള്ള ജലപാതയുടെ നിർമ്മാണമാണ് ഇനി ഉള്ളത്.മേയിൽ തന്നെ പദ്ധതി കമ്മിഷൻ ചെയ്യാനാണ് നിർമ്മാണച്ചുമതലയുള്ള കേരള വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ തീരുമാനം.