തിരുവനന്തപുരം: തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (ഐസിഎആർ - സി.ടി.സി.ആർ.ഐ.) ഇന്ത്യൻ ഫൈറ്റോപത്തോളജിക്കൽ സൊസൈറ്റിയുമായി (സൗത്ത് സോൺ) സഹകരിച്ച് 2023 സെപ്റ്റംബർ 11-12 തീയതികളിൽ സി.ടി.സി.ആർ.ഐ.- യിൽ വച്ചു 'പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: കറന്റ് ട്രെൻഡ്‌സ് ആൻഡ് നോവൽ മിറ്റിഗേഷൻ സ്ട്രാറ്റജീസ് ' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സിമ്പോസിയം സംഘടിപ്പിക്കുന്നു.
കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഐസിഎആർ-സിടിസിആർഐ ഡയറക്ടർ ഡോ.ജി.ബൈജു അധ്യക്ഷത വഹിക്കും. ഏകദേശം 200-ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സിമ്പോസിയത്തിൽ വിളകളിലെ സൂക്ഷ്മ തലത്തിലും, പാരിസ്ഥിതികവുമായ ഇടപെടലുകൾ മുതൽ രോഗ- പകർച്ചവ്യാധികൾ വരെയുള്ള വൈവിധ്യമാർന്ന സസ്യ ആരോഗ്യ സംരക്ഷണ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗവേഷണ കണ്ടെത്തലുകൾ കൈമാറാൻ ലക്ഷ്യമിടുന്നു.
ഈ പരിപാടിയിൽ ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ലീഡ് ടോക്കുകൾ, പ്രബന്ധ അവതരണങ്ങൾ, പോസ്റ്റർ സെഷനുകൾ എന്നിവ ഉണ്ടായിരിക്കും. ഇത് സസ്യാരോഗ്യ ഗവേഷണത്തിന്റെ പുരോഗതിക്കും നൂതന ലഘൂകരണ തന്ത്രങ്ങളുടെ ചർച്ചയ്ക്കും ഒരു സുപ്രധാന വേദിയാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവിള വർഗ്ഗങ്ങളിലെ രോഗങ്ങളും അവയ്ക്കുള്ള പരിഹാരവും
ഡോ. ബികാഷ് മണ്ഡൽ (എഡിജി, ഇന്റർനാഷണൽ റിലേഷൻസ്, ഐസിഎആർ, ന്യൂഡൽഹി), ഡോ. എസ്. കെ. ചക്രബർത്തി (മുൻ വൈസ് ചാൻസലർ, യു.ബി.കെ.വി, പശ്ചിമ ബംഗാൾ), ശ്രീ. എസ്.പ്രേംകുമാർ (ജനറൽ മാനേജർ, കനറാ ബാങ്ക്, തിരുവനന്തപുരം സർക്കിൾ) തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യൻ ഫൈറ്റോപത്തോളജിക്കൽ സൊസൈറ്റി (സൗത്ത് സോൺ) പ്രസിഡന്റും ഐസിഎആർ സിടിസിആർഐയിലെ വിള സംരക്ഷണ വിഭാഗം മേധാവിയുമായ ഡോ. ടി. മകേഷ് കുമാറാണ് പരിപാടിയുടെ ഓർഗനൈസിംഗ് സെക്രട്ടറി.