വയനാട്ടില്‍ നിന്നും പുതിയ രണ്ടിനം പയറുവര്‍ഗങ്ങള്‍ കൂടി കേരളത്തിന്റെ കൃഷിയിടങ്ങളിലേക്ക്. കുളത്താട പയറും കേളു പയറുമാണ് കര്‍ഷകരുടെ കൃഷിയിടത്തിലേക്കിനി എത്തുന്നത്. രോഗ-കീട ബാധകളെ പ്രതിരോധിക്കാന്‍ പ്രത്യേക കഴിവുള്ള ഈ ഇനങ്ങള്‍ നല്ല വിളവ് നല്‍കുന്നവയുമാണ്. വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.കാര്‍ഷിക കേരളത്തിന് നിരവധി നാടന്‍ നെല്‍വിത്തുകള്‍ വയനാട് സംഭാവന നല്‍കിയിട്ടുണ്ട്.
കുളത്താട പയര്‍
വയനാടിന്റെ തനത് പയറിനമായ കുളത്താട പയർ. തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താട പ്രദേശത്ത് പതിറ്റാണ്ടുകളായി കൃഷി ചെയ്തു വരുന്ന പയറിനമാണ് കുളത്താട പയര്‍. അത്യുല്‍പ്പാദന ശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള കുറ്റിപ്പയറാണ് ഇത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഏത് കാലാവസ്ഥയിലും വളരുമെന്നു മാത്രമല്ല നനയ്‌ക്കേണ്ട ആവശ്യവുമില്ല എന്നതാണ് കുളത്താട പയറിന്റെ ഏറ്റവും വലിയ പ്രത്യേകത. ചാഴി പോലുള്ള നിരവധി കീടങ്ങള്‍ പയര്‍ കര്‍ഷകര്‍ക്ക് ഭീഷണിയാണ്. ഇവയുടെ ആക്രമണം മൂലം രാസകീടനാശിനികള്‍ ധാരാളമായി കര്‍ഷകര്‍ക്ക് പ്രയോഗിക്കേണ്ടിവരുന്നു. അടുക്കളത്തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നവര്‍ കീടങ്ങളുടെ ആക്രമണത്തില്‍ മനംമടുത്ത് പയര്‍ കൃഷി ഉപേക്ഷിക്കുന്നു. എന്നാല്‍ കുളത്താട പയറിന് കീട-രോഗ സാധ്യത കുറവായാത് കൊണ്ടു തന്നെ രാസവളമോ കീടനാശിനിയോ നല്‍കേണ്ടതില്ല.
തവിഞ്ഞാല്‍ പഞ്ചായത്തിലെ കുളത്താട പ്രദേശത്തെ നിരവധി കര്‍ഷകരാണ് ഈ പയര്‍ കൃഷി വര്‍ഷങ്ങളായി ചെയ്തുവരുന്നത്. വേനല്‍ക്കാലത്തെ നാട്ടുകാരുടെ പ്രധാന വരുമാനമാര്‍ഗം കൂടിയാണ് ഇത്. നഞ്ച കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞ് പിന്നാലെ നിലം ഉഴുതുമറിച്ച് പയര്‍ കൃഷി ചെയ്യുന്നതാണ് ഇവരുടെ പതിവ്. വിത്ത് വിതയ്ക്കുന്നതിന് മുമ്പ് മാത്രം ജൈവവളം നല്‍കും, പിന്നീട് വള പ്രയോഗത്തിന്റെ ആവശ്യം വരുന്നില്ല. ഉണങ്ങിയ പയര്‍ മാസങ്ങളോളം കേടു കൂടാതെ നില്‍ക്കും. മറ്റു പയറുകളില്‍ നിന്നും വ്യത്യസ്തമായി രുചിയും മണവും കൂടുതലാണ് കുളത്താട പയറിന്.
വ്യാപകമായി കുളത്താട പയര്‍ പ്രദേശത്തെ എല്ലാവരും കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ഇതിന് പ്രചാരമുണ്ടായിരുന്നില്ല. നാല് വര്‍ഷം മുമ്പ് തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ കെ.ജി.സുനിലിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് കുളത്താട പയറിന് നല്ല കാലം ഉണ്ടായി തുടങ്ങിയത്. 2018 ല്‍ തൃശൂരില്‍ നടന്ന വൈഗ കാര്‍ഷിക പ്രദര്‍ശനത്തിന് ഇവ എത്തിച്ച് കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ വിവിധ കാര്‍ഷിക മേളകളിലും വിത്തുകള്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. കുളത്താട പയര്‍ കൃഷിയുടെ പ്രോത്സാഹനത്തിനായി കൃഷി വകുപ്പ് ഹെക്ടറിന് 25,000 രൂപ നല്‍കും. കുളത്താട പയറിന് ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും എല്ലാവര്‍ക്കും നല്‍കാന്‍ പ്രദേശവാസികള്‍ക്ക് കഴിയുന്നില്ല. സര്‍ക്കാര്‍ ഈ പയര്‍ സംഭരിക്കാനും സംരക്ഷിക്കാനും വിതരണം ചെയ്യാനും തീരുമാനിച്ചത് കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
കേളു പയര്‍
മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി പ്രദേശത്ത് വ്യാപകമായി കൃഷി ചെയ്തുവരുന്ന പയറിനമാണ് കേളു പയര്‍.എഴുപത്തഞ്ച് സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ശരാശരി നീളം. ഒരു പയറില്‍ 21 ഓളം വിത്തുകള്‍. ഇതാണ് വയനാട്ടിലെ കേളു പയര്‍. കൂടല്‍ക്കടവിലെ കെ.സി. കേളുവാണ് ഈ പയറിന്റെ സംരക്ഷകന്‍. വലിയ നീളത്തില്‍ വളരുന്ന ഈ പയറിന് സംസ്ഥാനത്തിന് അകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയാണ്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കേളു പയര്‍ കൃഷിയുണ്ട്. നല്ല വിളവ് ലഭിക്കുന്നത് കൊണ്ടു തന്നെ കേളു പയര്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറി കഴിഞ്ഞു. ഈ രണ്ട് വിത്തിനങ്ങളുടെയും ഗുണമേന്മ മനസിലാക്കിയതോടെ കൃഷിവകുപ്പ് വിഎഫ്പിസികെ മുഖേന വിത്തുകള്‍ സംഭരിച്ച് കര്‍ഷകരിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വയനാടിന്റെ തനത് പയറു വര്‍ഗമായ കുളത്താടപയറും, കേളു പയറും കൂടുതല്‍ കര്‍ഷകരിലേക്ക് എത്തുന്നതോടെ കാര്‍ഷിക മേഖലയ്ക്കും വയനാടിനും നേട്ടമാകും.