കാസർകോഡ്: നടപ്പ് വര്‍ഷം കൃഷിക്കും ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി ഉദുമ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് കെ.വി ബാലകൃഷ്ണന്‍ ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖല സമ്പന്നമാക്കുന്നതിന് ആഗ്രോ ക്ലിനിക്ക് സ്ഥാപിക്കും. കുടുംബശ്രീയെ കൂടി പങ്കാളികളാക്കി കൊണ്ട് ശുദ്ധമായ നാടന്‍ പാല്‍ വീടുകളില്‍ എത്തിക്കുന്ന ക്ഷീരസൊസൈറ്റി സ്ഥാപിക്കും. കാര്‍ഷിക മേഖലയുടെ വികസനത്തിനായി 90 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മോഡലില്‍ 'ക്ലീന്‍ ഉദുമ ' എന്ന പദ്ധതിയിലൂടെ പഞ്ചായത്തിന്റെ ശുചിത്വത്തിലും മാലിന്യ സംസ്‌ക്കരണത്തിലും ഊന്നിയുളള സൗന്ദര്യവത്ക്കരണം നടപ്പാക്കും.
ആരോഗ്യമേഖല സമ്പൂര്‍ണ്ണമാക്കുന്നതിന് 1.10 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഉദുമ കുടുംബാരോഗ്യകേന്ദ്രം വിപുലപ്പെടുത്തും. പ്രാരംഭനടപടികള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി. ടൂറിസത്തിന് ഏറെ സാധ്യതയുളള ഗ്രാമപഞ്ചായത്ത് ആയതിനാല്‍ കാപ്പില്‍ ബീച്ച് കേന്ദ്രീകരിച്ച് ഒരു ടൂറിസം ഹബ്ബ് രൂപീകരിക്കുന്നതിനായി 10 ലക്ഷം രൂപ നീക്കിവെച്ചു. ഉദുമയുടെ തനതായ രുചികള്‍ അടയാളപ്പെടുത്തുന്ന, വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ മിനി ചില്‍ഡ്രന്‍സ് പാര്‍ക്ക് അടക്കമുളള ആധുനിക രീതിയിലുളള ഒരു തട്ടുകട കോംപ്ലക്‌സ് രൂപീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
ഉദുമയെ ലോകമറിയുന്നതിനായി ഡോക്യുമെന്ററി സിനിമ എന്ന ലക്ഷ്യത്തിനായി 5 ലക്ഷം രൂപ മാറ്റി വെച്ചു. ഒപ്പം പഞ്ചായത്തിലെ തനത് നാടന്‍കലകള്‍ പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുമായി ഉദുമ ഫെസ്റ്റ് എന്ന സാംസ്‌ക്കാരികോത്സവം നടത്തും. ടൂറിസം മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും ആരോഗ്യ മേഖലയിലും പ്രവാസികള്‍ക്കായി ഇത്തവണ പ്രത്യേക പാക്കേജുണ്ട്.
ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ പി.കുമാരന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദാലി, പഞ്ചായത്ത് സെക്രട്ടറി പി.ദേവദാസ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എസ്.റെജിമോന്‍ സ്വാഗതം പറഞ്ഞു.