1. പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. പാചകവാതക സിലിണ്ടറുകൾക്കുള്ള സബ്സിഡി 1 വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുപ്രകാരം 14.2 കിലോ എൽപിജി സിലിണ്ടറിനുള്ള 300 രൂപ സബ്സിഡി തുടർന്നും ലഭിക്കും. രാജ്യത്തെ 10 കോടി കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സർക്കാരിന് 12,000 കോടി രൂപ അധിക ചെലവ് വരും. ദാരിദ്രരേഖയ്ക്ക് താഴെയുള്ള വനിതകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്വലയോജന.
2. തൃശൂർ പഴയന്നൂർ ബ്ലോക്ക് പരിധിയിൽ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചു. കടുത്ത ചൂടും കാലാവസ്ഥ വ്യതിയാനവുംമൂലം ജലലഭ്യത കുറയുന്ന സാഹചര്യത്തിൽ കൃഷിക്കാവശ്യമായ അളവിലുള്ള വെള്ളം മൈക്രോ ഇറിഗേഷൻ സംവിധാനത്തിലൂടെ കൂടുതൽ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ജില്ലയിൽ ചിറ്റൂർ മണ്ഡലത്തിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. ജലവിഭവ വകുപ്പ്, കൃഷി വകുപ്പ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
കൂടുതൽ വാർത്തകൾ: ശബരി കെ റൈസ്; ഓരോ റേഷൻ കാർഡിനും 10 കിലോ വീതം അരി
3. റബ്ബർ കൃഷി പരിപാലനത്തിൽ ഹ്രസ്വകാല പരിശീലനം സംഘടിപ്പിക്കുന്നു. പുതുപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വച്ച് മാർച്ച് 18 മുതൽ 22 വരെയുള്ള തീയതികളിൽ പരിശീലനം നടക്കും. പുതിയ റബ്ബർ ഇനങ്ങൾ, നടീൽ സമ്പ്രദായങ്ങൾ, വളമിടൽ, രോഗകീടങ്ങളുടെ നിയന്ത്രണ മാർഗങ്ങൾ, ടാപ്പിംഗ്, റബ്ബർ പാൽ സംസ്കരണം, പുകപ്പുരകൾ എന്നിവ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെയാണ് പരിശീലന സമയം. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലെ താൽപ്പര്യമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. 2360 രൂപയാണ് പരിശീലന ഫീസ്. രജിസ്ട്രേഷനും ഓൺലൈൻ പേയ്മെന്റ് ചെയ്യുന്നതിനും training.rubberboard.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് - 9447710405, 04812351313.
4. യുഎഇയിലേക്കുള്ള സവാള കയറ്റുമതിയ്ക്ക് അനുമതി നൽകി ഇന്ത്യ. നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്സ് വഴി 14,400 ടൺ സവാളയാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്യുക. യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും ഉൾപ്പെടെ 64,400 ടൺ സവാളയാണ് കയറ്റു മതിചെയ്യാൻ അനുമതി നൽകിയത്. ഇതുകൂടാതെ, ഭൂട്ടാനിലേക്ക് 3,000 ടണ്ണും, ബഹ്‌റൈനിലേക്ക് 1,200 ടണ്ണും മൗറീഷ്യസിലേക്ക് 550 ടണ്ണും ഉള്ളി കയറ്റുമതി ചെയ്യുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു. 2023 ഡിസംബർ എട്ടിനാണ് കേന്ദ്രസർക്കാർ സവാള കയറ്റുമതി നിരോധിച്ചത്.