കൊച്ചി: രാജ്യത്തെ സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി നോഡല്‍ ഏജന്‍സിയായ സമുദ്രോല്പന്ന വികസന കയറ്റുമതി അതോറിറ്റി (MPEDA) അമ്പതാം വാര്‍ഷികത്തിന്‍റെ നിറവില്‍. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേല്‍, കൊച്ചിയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍, ആഗസ്റ്റ് 24, 2022, വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. എംപിഇഡിഎ നല്‍കുന്ന കയറ്റുമതി പുരസ്ക്കാരങ്ങളും സുവര്‍ണ ജൂബിലി മറൈന്‍ ക്വെസ്റ്റ് 2022 ചാമ്പ്യന്‍സ് ട്രോഫിയും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്യും.
സമുദ്രോല്പന്ന വ്യവസായത്തിലും മത്സ്യോത്പാദനത്തിലും രാജ്യത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ എംപിഇഡിഎക്കുള്ള പങ്ക് വളരെ വലുതാണ്. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴില്‍ 1972 ലാണ് എംപിഇഡിഎ രൂപം കൊണ്ടത്. അന്ന് 35,523 ടണ്‍ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തതെങ്കില്‍, ഇന്നത് 1.4 ദശലക്ഷം ടണ്ണാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചേർത്തല മെഗാ സീ ഫുഡ് പാർക്ക്;കോവിഡ് തളർത്തിയ സമുദ്രോൽപ്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് ഉണർവേകും
രാജ്യമൊട്ടാകെയുള്ള സമുദ്രോത്പന്ന-മത്സ്യക്കൃഷി മേഖലയില്‍ സുസ്ഥിര നടപടികളും ഗുണമേന്മയും ഉറപ്പു വരുത്തുന്ന ശൃംഘല രൂപീകരിക്കുന്നതിനുള്ള തീവ്രശ്രമം നടന്നു വരികയാണെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ ദൊഡ്ഡ വെങ്കിട സ്വാമി പറഞ്ഞു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോയ്ക്ക് എംപിഇഡിഎ ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ്. കൊല്‍ക്കത്തയില്‍ 2023 ഫെബ്രുവരിയില്‍ നടക്കുന്ന ഈ മേള ഇന്ത്യയിലെ കയറ്റുമതി വ്യവസായികളും വിദേശ ഇറക്കുമതിക്കാരുമായുള്ള ആശയവിനിമയത്തിന്‍റെ ഉത്തമവേദിയായി മാറും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ സമുദ്രോത്പന്നം കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യം എംപിഇഡിഎ മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 15 ശതമാനം കയറ്റുമതി വളര്‍ച്ച ഇതിനാവശ്യമാണെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ആധുനികവത്കരണം കയറ്റുമതി കൂട്ടിയതിന് പുറമെ, പ്രചാരണ പരിപാടികള്‍, കൊവിഡ് കാലത്ത് നടത്തിയ വെര്‍ച്വല്‍ ബയര്‍-സെല്ലര്‍ മീറ്റുകള്‍, എന്നിവയെല്ലാം വ്യാപാരം കൂട്ടുന്നതില്‍ സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ ശ്രീ ദിവാകര്‍നാഥ് മിശ്ര, ജോയിന്‍റ് സെക്രട്ടറി, കേന്ദ്ര വാണിജ്യ മന്ത്രാലയം; ശ്രീ ടി. കെ. എ. നായര്‍, മുന്‍ ചെയർമാൻ, എംപിഇഡിഎ; ശ്രീ പോള്‍ ആന്‍റണി, ചെയർമാൻ, കെഎസ്ഐഡിസി; ശ്രീ ജഗദീഷ് ഫൊഫാന്‍ഡി, ദേശീയ പ്രസിഡന്‍റ് , സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയവർ പങ്കെടുക്കും.